താമിർ ജിഫ്രി കസ്റ്റഡിമരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചില്ല, 4 പൊലീസ് ഉദ്യോഗസ്ഥർക്കും ജാമ്യം
Mail This Article
കൊച്ചി ∙ താനൂരിലെ താമിർ ജിഫ്രി കസ്റ്റഡിമരണ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം ലഭിച്ചത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയിരുന്ന ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ ആയിരുന്ന അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവർക്കാണ് ജാമ്യം. പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് ഇവർ.
ലഹരി വസ്തുക്കളുമായി കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി കൈയിലുണ്ടായിരുന്ന ലഹരി വസ്തുക്കൾ വിഴുങ്ങിയതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനായിരുന്നു മരണം. ലഹരിവസ്തുക്കൾ അമിതമായി ശരീരത്തിൽ കലർന്നതിനു പുറമെ മർദനവും മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ 8 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ കേസ് സിബിഐക്ക് വിട്ടു. ഇക്കഴിഞ്ഞ മേയ് നാലിനാണ് 4 പേരേയും സിബിഐ അറസ്റ്റ് ചെയ്തത്.