പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ്; ബംഗ്ലദേശ് പാർലമെന്റ് പിരിച്ചുവിട്ടു
Mail This Article
ധാക്ക∙ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിനു പിന്നാലെ ബംഗ്ലദേശ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു വൈകുന്നേരത്തിനുള്ളില്‍ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്ന് വിദ്യാർഥി പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.
കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാർഥി പ്രക്ഷോഭകരുമായി വൈകാതെ ചർച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥി പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നവരുടെ നിലപാട്. പാരിസിൽ ചികിത്സയിലുള്ള സമാധാന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് പുതിയ സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവായേക്കുമെന്നാണ് വിവരം. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. അദ്ദേഹം വൈകാതെ പാരിസിൽ നിന്നും ബംഗ്ലദേശിലേക്ക് മടങ്ങുമെന്നാണ് വിവരം.