ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിൽ കയ്യുറ തുന്നിച്ചേർത്തു; ഇങ്ങനെ ചെയ്യാറുണ്ടെന്ന് ആശുപത്രി
Mail This Article
തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം കയ്യുറ കൂടി മുറിവിൽ തുന്നിച്ചേർത്തെന്ന ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ രംഗത്തെത്തി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിന്റെ മുതുകില്‍നിന്ന് പഴുപ്പ് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം കയ്യുറ കൂടി തുന്നിച്ചേര്‍ത്തുവെന്നാണ് ആരോപണം. ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറയുടെ ഭാഗമാണെന്ന സംശയം തോന്നിയതെന്ന് ഷിനുവിന്റെ ഭാര്യ സജീന പറഞ്ഞു. വേദന കാരണം കിടന്നുറങ്ങാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. ഏഴ് സ്റ്റിച്ചാണ് ഇട്ടിരുന്നത്. അതിനൊപ്പം കയ്യുറ കൂടി തുന്നിച്ചേര്‍ത്തുവെന്നും സജീന പറഞ്ഞു.
ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം പഴുപ്പ് പുറത്തുപോകണമെങ്കിൽ ഡ്രെയിൻ എന്ന വസ്തുവാണ് ഉപയോഗിക്കുന്നത്. ഇതിന് 1000 രൂപവരെ വിലവരും. രോഗി വാങ്ങി തരാത്തതിനാൽ ഗ്ലൗസിന്റെ അറ്റം മുറിച്ചാണ് വച്ചത്. സാധാരണ ഇങ്ങനെ ചെയ്യാറുണ്ട്. ഇക്കാര്യം രോഗിയോട് അപ്പോൾതന്നെ പറഞ്ഞിരുന്നു. ഗ്ലൗസാണ് ഉപയോഗിച്ചതെന്ന് ആശുപത്രി രേഖകളിൽ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.