‘ബംഗ്ലദേശിലെ അക്രമം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയിൽ വരാൻ പെട്ടെന്നാണ് അവർ അനുവാദം തേടിയത്’
Mail This Article
ന്യൂഡൽഹി∙ ബംഗ്ലദേശ് കലാപവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ പ്രസ്താവന നടത്തി. ഇന്ത്യയുടെ പ്രധാന സുഹൃത്തായ അയൽരാജ്യത്തെ കലാപവും അസ്ഥിരതയും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജയശങ്കർ പറഞ്ഞു. കലാപത്തിനിടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിൽ വരാൻ ഷെയ്ഖ് ഹസീന അനുവാദം തേടിയത്. വിമാനത്തിന് അതിർത്തി കടക്കാൻ ബംഗ്ലദേശ് അധികൃതരിൽനിന്നും അതേസമയം അപേക്ഷ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗ്ലദേശിൽ വലിയ പ്രതിഷേധവും ഭിന്നതയും നിലനിന്നിരുന്നു. ജൂണിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭത്തിൽ സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ ആക്രമിക്കപ്പെട്ടു. ജൂലൈയിലും അക്രമം തുടർന്നു. ഈ സമയങ്ങളിലെല്ലാം തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് നാലോടെ പ്രതിഷേധം കടുക്കുകയും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും പൊലീസും പരക്കെ ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ബംഗ്ലദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. 19,000 ഇന്ത്യക്കാർ ബംഗ്ലദേശിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ 9,000 പേർ വിദ്യാർഥികളാണ്. വിദ്യാർഥികളിൽ കുറേപ്പേർ ജൂലൈയിൽ തിരിച്ചുവന്നിട്ടുണ്ട്. ധാക്കയിലെ ഹൈക്കമ്മിഷനു പുറമെ ചിറ്റഗോങ്, രാജ്ഷാഹി, ഖുൽന, സിൽഹെട്ട് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മിഷൻ ഓഫിസുകൾക്കും നിലവിലെ ബംഗ്ലദേശ് ഭരണം നിയന്ത്രിക്കുന്നവർ സംരക്ഷണം നൽകുമെന്നാണ് കരുതുന്നത്.
ന്യൂനപക്ഷത്തിനുനേരെ നടക്കുന്ന ആക്രമണം ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിർത്തിയിൽ അതിജാഗ്രത പുലർത്താൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറായി ധാക്കയിലെ സൈനികസംവിധാനത്തോട് ആശയവിനിമയം നടത്തുന്നുണ്ട്.’– ജയശങ്കർ പറഞ്ഞു,