ഹസീന രാജിവച്ച് നാടുവിട്ടു; എതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ ഉത്തരവ്
Mail This Article
ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐകകണ്ഠ്യേന തീരുമാനിച്ചതായി ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സൈനിക മേധാവി വഖാറുസ്സമാനും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായവരെയും മോചിപ്പിക്കാൻ യോഗം തീരുമാനിച്ചു. 78 വയസ്സുള്ള ഖാലിദ സിയയെ 2018ലാണ് 17 വർഷത്തെ തടവിനു ശിക്ഷിച്ചത്. ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച വിദ്യാർഥിസമരമാണ് കലാപമായി വളർന്നത്. സംവരണം സുപ്രീം കോടതി ഇടപെട്ട് 5% ആയി കുറച്ചതോടെ സംഘർഷത്തിൽ അയവു വന്നിരുന്നെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരം ശക്തമാകുകയായിരുന്നു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്.