‘രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതി’: ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കണം
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നൊബേൽ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്ന നിർദേശവുമായി വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ വിദ്യാർഥി നേതാക്കളായ നാഹിദ് ഇസ്‌ലാം, ആസിഫ് മഹമൂദ്, അബൂബക്കർ മസുംദാർ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരാണ് വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം. ബംഗ്ലദേശ് സർവകലാശാലകളിലെ സർക്കാർവിരുദ്ധ വിദ്യാർഥികളുടെ കൂട്ടായ്മയാണിത്. 24 മണിക്കൂറിനുള്ളിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും വിദ്യാർഥി പ്രസ്ഥാനം ആവശ്യപ്പെട്ടു.
സൈന്യം ഭരണമേറ്റെടുക്കുകയും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് വാക്കുനൽകുകയും ചെയ്തതിനു പിന്നാലെ സർക്കാർ എങ്ങനെയാവണമെന്ന നിർദേശം 24 മണിക്കൂറിനുള്ളിൽ നൽകുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചിരുന്നു. ബംഗ്ലദേശിൽ ഗ്രാമീണ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകി രാജ്യപുരോഗതിക്ക് സംഭാവന നൽകിയയാളാണ് മുഹമ്മദ് യൂനുസ്. ഹസീന രാജിവച്ച് രാജ്യംവിട്ടതോടെ ബംഗ്ലദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നായിരുന്നു യൂനുസിന്റെ പ്രതികരണം.
ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ അനുവാദം നൽകി. സൈനിക വിഭാഗങ്ങളുടെ തലവന്മാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സമൂഹത്തിലെ പൗരപ്രമുഖർ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനം. രാജിവച്ചശേഷം അഭയം തേടിയെത്തിയ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും ഇന്ത്യയിൽ തുടരുകയാണ്. യുകെ അഭയം നൽകുന്നതുവരെ അവർ ഇവിടെ തുടരും.
ബംഗ്ലദേശിലെ കലാപസാഹചര്യം കണക്കിലെടുത്ത് പെട്രാപോളിലെ ഇന്ത്യ–ബംഗ്ലദേശ് അതിർത്തി അടച്ചു. അതിർത്തിക്ക് 500 മീറ്റർ അകലെവച്ച് ആളുകളെ മടക്കി അയയ്ക്കുകയാണ്. അതിർത്തികടന്ന് ബംഗ്ലദേശിലേക്ക് പോയ ഡ്രൈവർമാരെ സൈന്യം തിരിച്ചെത്തിച്ചു. ബംഗ്ലദേശിലേക്കുള്ള എല്ലാ ട്രെയിൻ, ബസ്, വിമാന സർവീസുകളും ഇന്ത്യ ഇന്നലെ തന്നെ നിർത്തിയിരുന്നു.