ബംഗ്ലദേശിൽ പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ്; നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിനെ നയിക്കും
Mail This Article
ധാക്ക/ ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിനെ നയിക്കും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്നാൽ അബേദിൻ അറിയിച്ചു.
ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ–നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.
ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയിൽ തുടരും. ലണ്ടനിലേക്കുള്ള തുടർയാത്രയ്ക്കു ചില തടസ്സങ്ങൾ നേരിട്ടതാണു കാരണം. ബംഗ്ലദേശിലെ കേസുകളിൽ നിന്നുള്ള സുരക്ഷ ഉറപ്പു നൽകാൻ ബ്രിട്ടൻ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ.
തിങ്കളാഴ്ച വ്യാപക അക്രമങ്ങൾ നടന്ന ബംഗ്ലദേശിൽ ഇന്നലെ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. വർഷങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ഇന്നലെ മോചിപ്പിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയാണ് ഖാലിദ സിയ.
തിങ്കളാഴ്ച ബംഗ്ലദേശിലെങ്ങും നടന്ന അക്രമസംഭവങ്ങളിൽ 114 പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവ് നടത്തിയിരുന്ന നക്ഷത്ര ഹോട്ടൽ പ്രക്ഷോഭകർ തീയിട്ടതിനെത്തുടർന്ന് ഒരു ഇന്തൊനീഷ്യൻ പൗരൻ അടക്കം 24 പേർ കൊല്ലപ്പെട്ടു.
അതിനിടെ, രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വിദ്വേഷം അഴിച്ചുവിടാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലർത്താൻ വിവേചനവിരുദ്ധ വിദ്യാർഥിപ്രസ്ഥാനം നേതാക്കൾ അഭ്യർഥിച്ചു. ക്ഷേത്രങ്ങൾക്കു വിദ്യാർഥികൾ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.