രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ പിടികൂടിയ 21,400 കോടിയുടെ മാരകരാസലഹരി നശിപ്പിച്ചു
Mail This Article
കൊച്ചി ∙ രാജ്യം കണ്ട ഏറ്റവും വലിയ ലഹരിവേട്ടയിൽ പിടികൂടിയ മാരകരാസലഹരി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നശിപ്പിച്ചു. 2 തവണയായി കടലിൽനിന്നു പിടികൂടിയ 2725.12 കിലോഗ്രാം മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയാണു (21,400 കോടി) കൊച്ചി അമ്പലമേട്ടിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഇൻസിനറേഷൻ വഴി നശിപ്പിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടികളുടെ ലഹരിമരുന്നു നശിപ്പിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിക്കുകയായിരുന്നു.
2022 ഒക്ടോബറില്‍ കൊച്ചിയിൽനിന്നു 1200 നോട്ടിക്കൽ മൈൽ അകലെ പുറങ്കടലിൽ നിന്നാണു 199.445 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്. ഇറാനിയൻ ബോട്ടിൽ കടത്തുകയായിരുന്ന 1400 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് അന്നു നാവികസേനയുടെ സഹായത്തോടെ പിടികൂടിയത്. സംഭവത്തിൽ 6 ഇറാനിയൻ പൗരന്മാര്‍ അറസ്റ്റിലായിരുന്നു. 2023 മേയിലാണു മറ്റൊരു സംഭവത്തിൽ 2525.675 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയത്. 20,000 കോടി രൂപ വില വരുന്ന ലഹരിമരുന്നിനൊപ്പം ഒരു പാക്കിസ്ഥാൻ പൗരനെയും അന്ന് പിടികൂടിയിരുന്നു. ഓരോ കിലോഗ്രാമിന്റെ പായ്ക്കറ്റുകളായി 134 ചാക്കുകളിലായിട്ടായിരുന്നു മെത്ത് എന്നറിയപ്പെടുന്ന ലഹരി മരുന്ന് അന്ന് പിടിച്ചെടുത്തത്. ഈ രണ്ടു കേസുകളിലും കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്.