ADVERTISEMENT

തിരുവനന്തപുരം∙ നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്ന പേരിലേക്കു മാറുന്നതു വെറുമൊരു പേരുമാറ്റം മാത്രമല്ല. തിരുവനന്തപുരം സെൻട്രലിന്റെ ഉപഗ്രഹ സ്റ്റേഷനായി മാറുന്ന നേമത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികളാണ്. ഒ. രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്ന കാലം മുതൽ തലസ്ഥാനവാസികൾ കണ്ടു തുടങ്ങിയ സ്വപ്നമാണ് ഒടുവിൽ യാഥാർഥ്യമാകുന്നത്. നേരെയൊരു റോഡ‍ു പോലുമില്ലാതെ കാടുപിടിച്ചു വെളിച്ചമില്ലാതെ കിടന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനു വേണ്ടി സമരം നടത്തി തളർന്ന ആക്‌ഷൻ കൗൺസിലുകാരുടെ മനസിലും നിലവിൽ ആശ്വാസത്തിന്റെ ചൂളംവിളിയാണ്. 

∙ 78 കോടിയുടെ പ്രവർത്തനം

78 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണു നിലവിൽ നേമത്ത് നടക്കുന്നത്. നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് അനുവദിച്ചിരിക്കുന്ന തുക ഇനിയും ലഭിക്കും. നിലവിലെ സ്റ്റേഷൻ മന്ദിരം അപ്പാടെ പൊളിച്ചാണു പുതിയത് പണിയുന്നത്. രണ്ടു പുതിയ പ്ലാറ്റ്ഫോമുകൾ കൂടി വരുന്നതോടെ ആകെ നാലു പ്ലാറ്റ്ഫോമുകളാകും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ അടിപ്പാതയുമുണ്ടാകും. സ്റ്റേഷനു എതിർവശത്തായി 650 മീറ്റർ നീളത്തിലാണു കോച്ചുകൾ കൊണ്ടിട്ടു പണിയുന്നതിനും ഷണ്ടിങ്ങിനുമുള്ള പിറ്റ്‌ലൈൻ നിർമിക്കുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഷണ്ടിങ് ജോലികൾ ഇവിടേക്കു മാറ്റുകയാണു ലക്ഷ്യം. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെനിന്നു പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. 

റെയിൽവേ സ്റ്റേഷനു തൊട്ടടുത്തുകൂടി കരമന- കളിയിക്കാവിള ദേശീയപാതയിൽനിന്ന് കാട്ടാക്കടയിലേക്കു പോകുന്ന റോഡിലെ പാലം പൊളിച്ച്, മൂന്നിരട്ടി നീളത്തിൽ പുതിയ പാലം നിർമിക്കും. പാലത്തിന്റെ പൈലിങ് പൂർത്തിയായി. പാലത്തിനോടു ചേർന്നുള്ള കനാൽ പാലവും പൊളിക്കും. ദേശീയപാതയിൽ നേമം സ്‌കൂളിനു തൊട്ടടുത്തുകൂടി ടെർമിനലിലേക്കു പുതിയ ഫ്ലൈഓവർ നിർമിക്കും. 

∙ കമ്മിഷനിങ് 2026ൽ

2026ൽ‌ നേമം ടെർമിനൽ കമ്മിഷൻ ചെയ്യുനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നേമത്ത് ടെർമിനൽ യാഥാർ‌ഥ്യമാക്കിയാൽ തിരുവനന്തപുരം സെൻട്രലിലേക്കു കൂടുതൽ ട്രെയിനുകൾ എത്തിക്കാനാകും. ഇതു സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനും വഴിയൊരുക്കും. ഇതോടെ കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) വരെയുള്ള ട്രെയിനുകളും കൊല്ലം, ആലപ്പുഴ വരെയുള്ള ട്രെയിനുകളും തിരുവനന്തപുരം വരെ നീണ്ടേക്കും. 

∙ പാത ഇരട്ടിപ്പിക്കൽ വൈകും

പാത ഇരട്ടിപ്പിക്കലിനുള്ള മുന്നൊരുക്കങ്ങൾ അതിവേഗം നടക്കുന്നുണ്ടെങ്കിലും ടെർമിനലിനു മുൻപു യാഥാർഥ്യമാകുമോയെന്ന് ഉറപ്പില്ല. കു‍ഞ്ചാലമൂട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സ്റ്റുഡിയോ റോഡ് എന്നിവിടങ്ങളിലെ നിലവിലെ പാലങ്ങൾ വൈകാതെ പൊളിച്ച് കൂറ്റൻ ഫ്ലൈഓവർ നിർമാണം വൈകാതെയുണ്ടാകും. ഇതുകൂടാതെ നാഗർകോവിൽ വരെ ലൈൻ കടന്നുപോകുന്നിടത്തു മൂന്നു തുരങ്കങ്ങളും നിരവധി പാലങ്ങളും പൊളിച്ചുപണിയണം. 16 ലൈനുകളാണ് നേമത്ത് നിർമിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം സജീവമാകുന്നതോടെ നേമം ഭാവിയിൽ തിരക്കേറിയ റെയിൽവേ സ്റ്റേഷനാകുമെന്നാണു വിലയിരുത്തൽ.

∙ നേമത്ത് വരും

∙ കോച്ചിങ് ടെർമിലിനു പുതിയ കെട്ടിടം
∙ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള 2 പിറ്റ് ലൈനുകൾ
∙ അറ്റകുറ്റപ്പണി കഴിഞ്ഞവ നിർത്തിയിടാൻ 4 സ്റ്റേബിളിങ് ലൈനുകൾ
∙ വലിയ തകരാറുകൾ പരിഹരിക്കാൻ 2 സിക് ലൈനുകൾ, ഷെഡ്
∙ നാലു പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കാൻ അടിപ്പാതയും
∙ സബ്‌വേയിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും
∙ എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്
∙ പാർക്കിങ് ഏരിയ

∙ തുക ഇങ്ങനെ

∙ സിവിൽ എൻജിനീയറിങ് ജോലികൾക്ക് 99.58 കോടി രൂപ
∙ സിഗ്‌നൽ നവീകരണത്തിനു 8.44 കോടി
∙ ഇലക്ട്രിക്കൽ ജോലികൾക്ക് 4.25 കോടി
∙ ഇലക്ട്രിക്കൽ ട്രാക്‌ഷനു 2.85 കോടി

∙ 50 വർഷം മുൻപ്

തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി, തിരുനെൽവേലി-നാഗർകോവിൽ നിർമാണ പദ്ധതികൾ 1972 സെപ്റ്റംബർ 6ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത 1979 ഏപ്രിൽ 15-ന് തുറന്നു. അന്നാണ് നേമം റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത്. റെയിൽപാതയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് ഇന്ദിരാ ഗാന്ധി സഞ്ചരിച്ചത് പഴമക്കാരുടെ മനസിലെ നിറമുള്ള ഓർമയാണ്.

English Summary:

Nemam Railway Station Transformed: Thiruvananthapuram South to be a Major Transit Hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com