ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ നീക്കം, വടക്കൻ ജില്ലകളിൽ ആശങ്ക പടർത്തി ഭൂമിക്കടിയിൽനിന്നു മുഴക്കം: പ്രധാനവാർത്തകൾ
Mail This Article
1. ന്യൂഡൽഹി∙ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കുള്ള നീക്കം ആരംഭിച്ച് പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങളാണ് സഭയിൽ ആരംഭിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. നിലവിൽ 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്നുള്ളതിനാൽ ഈ സഭാ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
2. കൽപറ്റ∙ വയനാട്ടിലും കോഴിക്കോട്ടും പാലക്കാട്ടും ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചെറിയ തോതിൽ ഭൂമികുലുക്കവും ഉണ്ടായെന്നാണു നാട്ടുകാർ പറയുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.
3. ബഗ്ദാദ്∙ ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു.
4. തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
വായിക്കാം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം: ഓണത്തിന് തൃശൂരിൽ ഇത്തവണ പുലിക്കളി ആഘോഷമില്ല
5. ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായി 17 മാസത്തിനു ശേഷമാണ് ജയിൽ മോചനം. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്പോർട്ട് സറണ്ടർ ചെയ്യുകയും വേണം എന്നായിരുന്നു നിബന്ധന. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.
വായിക്കാം: മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യം; ജയിൽമോചിതനായി