വയനാട് ദുരന്തത്തിന്റെ ഫണ്ട് ശേഖരണ നിയന്ത്രണം: ഷുക്കൂറിന്റെ ഹർജി പിഴ ചുമത്തി തള്ളി ഹൈക്കോടതി
Mail This Article
കൊച്ചി∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി.ഷുക്കൂറിന്റെ ഹർജിയാണു കോടതി പിഴയടക്കം തള്ളിയത്. മാത്രമല്ല, ഹർജിക്കാരൻ കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹർജിയിൽ പൊതുതാൽപര്യം എന്തെന്നും കോടതി ചോദിച്ചു. ഹർജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതി വിമർശിച്ചു. വയനാട് ദുരന്തത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും മറ്റും പൂർണമായി സർക്കാരിന്റെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹർജി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ പണം പിരിക്കുന്നുണ്ടെന്നും അതിൽ സുതാര്യത വരുത്താനാണ് സർക്കാർ മേൽനോട്ടം വേണ്ടതെന്നുമായിരുന്നു വാദം.