ആ കസേരയിൽ താൽപര്യമില്ല, പക്ഷേ ഒഴിഞ്ഞുമാറില്ല: മുഖ്യമന്ത്രി സ്ഥാനാർഥിയാകാമെന്ന് ഉദ്ധവ്
Mail This Article
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും മുഖ്യമന്ത്രിസ്ഥാനവും ലക്ഷ്യമിട്ടു ശിവസേനാ ഉദ്ധവ് പക്ഷം. സഖ്യകക്ഷികളായ കോൺഗ്രസിനും പവാർ പക്ഷത്തിനും സമ്മതമെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തയാറാണെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. സീറ്റ് വിഭജന ചർച്ചകളിലേക്കു സഖ്യം കടക്കും മുൻപേ നിലപാട് അറിയിച്ചിരിക്കുകയാണ് ഉദ്ധവ്. തിരഞ്ഞെടുപ്പു തയാറെടുപ്പു സംബന്ധിച്ച് ഇന്ത്യാസഖ്യത്തിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു പ്രതികരണം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണം എന്ന നിലപാടിലാണ്.
‘‘മുഖ്യമന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തെ മഹാ വികാസ് അഘാഡി സഖ്യത്തിലെ എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. വീണ്ടും ആ കസേരയിൽ ഇരിക്കണമെന്നു പ്രത്യേക താൽപര്യമൊന്നുമില്ല. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ ഓടിമാറുകയുമില്ല’’– ഉദ്ധവ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ തിരഞ്ഞെടുപ്പു നേരിടാമെന്നാണു കോൺഗ്രസിന്റെയും പവാർ പക്ഷത്തിന്റെയും നിലപാട്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് എൻഡിഎ വിട്ട് കോൺഗ്രസും എൻസിപിയുമായി സഖ്യമുണ്ടാക്കി ഉദ്ധവ് മുഖ്യമന്ത്രിയായത്. 2022ൽ ബിജെപി ശിവസേനയെ പിളർത്തിയതോടെ ഉദ്ധവ് സർക്കാർ വീണു.