ADVERTISEMENT

ബഗ്ദാദ്∙ ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് 4ന് ഭേദഗതി ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു.

നിലവിൽ 18 വയസ്സാണ് ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം. ഭേദഗതി നടപ്പാക്കി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി  ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമൻ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാൻബാർ രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചു. നിയമങ്ങൾ കാറ്റിൽപ്പറത്ത് നിരവധി ബാലവിവാഹങ്ങളാണ് ഇറാഖിൽ ഓരോ വർഷവും സംഭവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ് വാച്ച് പറയുന്നത്. രാജ്യത്തെ 28 ശതമാനത്തോളം പെൺകുട്ടികളും 18 വയസ്സാകുന്നതിനു മുൻപേ വിവാഹിതരാകുന്നുണ്ടെന്നാണ് യൂനിസെഫ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ശൈശവവിവാഹം, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവയിലേക്ക് വിവാദ നിയമം വഴിതെളിക്കുമെന്നും പ്രതിഷേധം ഉയർത്തുന്ന സംഘടനകൾ വാദിക്കുന്നു.

English Summary:

Iraq Proposes Law to Lower Marriage Age for Girls to 9 Years; Human Rights Watch Condemns Proposed Marriage Age Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com