മാർ കൂറിലോസിന് ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം നഷ്ടപ്പെട്ട സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്
Mail This Article
മല്ലപ്പള്ളി (പത്തനംതിട്ട) ∙ യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച അന്വേഷണമാണു നടക്കുന്നത്. മുംബൈയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീം കോടതിക്കു കീഴിലുള്ള അക്കൗണ്ടിലേക്കു മാറ്റണമെന്നും കേസ് നടപടികൾ അവസാനിക്കുമ്പോൾ തിരികെ നൽകുമെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചതെന്നും മാർ കൂറിലോസ് പറഞ്ഞു. പൊലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണത്തിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പു നടന്നു എന്നുള്ളത് ശരിയാണെന്നും അതു കേസ് ഒത്തുതീർപ്പാക്കാൻ അടച്ച പണമല്ലെന്നും മാർ കൂറിലോസ് പറഞ്ഞു. അത്തരത്തിൽ തുക ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്നും കേസ് എടുത്തെന്നും തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ കേരളത്തിനു പുറത്ത് അക്കൗണ്ടില്ലെന്ന് മാർ കൂറിലോസ് വ്യക്തമാക്കി. തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു.
കേസിൽ ബന്ധമില്ലെന്നു തീർത്തു പറഞ്ഞെങ്കിലും സിബിഐ ഓഫിസർ എന്നു പറഞ്ഞ് ഒരാളുടെ ഫോണിലേക്കു കണക്ട് ചെയ്തു. അവിടെയും ആരോപണങ്ങൾ ആവർത്തിച്ചു. ഡിജിറ്റൽ കസ്റ്റഡിയിലാണെന്നും വിഡിയോ കോൾ ഓൺ ചെയ്തു വയ്ക്കണമെന്നും ആവശ്യപ്പെട്ടു. 2 മണിക്കൂറോളം സിബിഐ ശൈലിയിൽ ചോദ്യം ചെയ്തു. ശുചിമുറിയിൽ പോകുന്ന സമയത്തു പോലും ക്യാമറ ഓഫാക്കാൻ അനുവദിച്ചില്ല. മാർ കൂറിലോസിന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്തതാണെങ്കിൽ കേസിൽ നിന്നൊഴിവാകാൻ സഹായിക്കാം എന്ന രീതിയിലും സംഘം ഇടപെട്ടു.
ആദ്യ ദിവസം രാത്രി 10.30ന് കിടക്കാൻ അനുവദിച്ചു. പിറ്റേന്നു രാവിലെ ഓൺലൈനായി കോടതിയിൽ ഹാജരാക്കാൻ പോവുകയാണെന്ന് തട്ടിപ്പുകാർ പറഞ്ഞു. ജഡ്ജി എത്തുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്ന് സംഘത്തിലെ ആളുകൾ പറഞ്ഞു. ജഡ്ജി എത്തിയപ്പോൾ എഴുന്നേറ്റു നിന്നു. കേസിൽ ഉൾപ്പെട്ടോ, എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചപ്പോൾ കുറ്റം നിഷേധിച്ചു. അന്വേഷണം നടക്കട്ടെയെന്ന് ജഡ്ജി പറഞ്ഞു. അതുവരെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നു പറഞ്ഞു.
അക്കൗണ്ടുകളുടെ വിവരം നൽകി അതിലെ തുക സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണമെന്ന് നിർദേശിച്ചു. സമീപ കാലത്ത് ഈ അക്കൗണ്ടിൽ 1.70 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അതുകൂടി അയക്കണമെന്നും നിർദേശിച്ചു. ഇതു 2 ദിവസത്തിനകം തിരികെ കിട്ടുമെന്നും തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഈ തുകയും നൽകി. ഓരോ നടപടിയുടെയും കൃത്യമായ സീലടക്കം രേഖകൾ സംഘം കാണിച്ചിരുന്നു. തന്റെ ഭാഗത്തു തെറ്റൊന്നുമില്ലാത്തതിനാൽ 2 ദിവസത്തിനകം നടപടികൾ ഒഴിവായിക്കിട്ടും എന്നു കരുതിയതാണു പണം നൽകിയതെന്നും മാർ കൂറിലോസ് വിശദീകരിച്ചു.