അമ്മ ഇന്ത്യയിൽ; തിരഞ്ഞെടുപ്പ് നടന്നാൽ ബംഗ്ലദേശിലേക്കു മടങ്ങും: ഹസീനയുടെ മകൻ
Mail This Article
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരികെപ്പോകുമെന്ന് മകൻ സജീബ് വസീദ് ജോയ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സജീബ് ഇക്കാര്യം പറഞ്ഞത്.
ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തെത്തുടർന്ന് തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലെത്തിയത്. നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ കെയർടേക്കർ സർക്കാർ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുമ്പോൾ ഹസീന ബംഗ്ലദേശിലേക്കു മടങ്ങുമെന്നാണ് മകൻ അറിയിച്ചത്.
‘‘നിലവിൽ അമ്മ ഇന്ത്യയിലാണ്. ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ അവർ തിരികെപ്പോകും. അവാമി ലീഗ് തിരഞ്ഞെടുപ്പിൽ മൽസരിക്കും, ചിലപ്പോൾ ജയിക്കുകയും ചെയ്യും’’ – യുഎസിലുള്ള സജീബ് പറഞ്ഞു. ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗിന് പ്രാതിനിധ്യമില്ല. ഇപ്പോൾ ന്യൂഡൽഹിയിൽ സുരക്ഷിത സങ്കേതത്തിലാണ് ഹസീന.