ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട് നെന്മാറയില്‍ നെല്‍കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് ആ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. 

കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. യഥാസമയം സംഭരിച്ച നെല്ലിന് തുക നല്‍കാത്തത് നെല്‍ കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉഷ്ണ തരംഗത്തിലും അതിതീവ്ര മഴയിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടിസുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്ക് പ്രവഹിക്കുകയാണ്.

എന്നിട്ടും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ലെന്നത് അദ്ഭുതമാണ്. നെല്‍കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതടക്കം കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. പ്രകൃതിദുരന്തവും കൃഷിനാശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പ്രതിസന്ധി നേരിടുന്ന കര്‍ഷക സമൂഹത്തിനായി അടിയന്തരമായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

English Summary:

V.D. Satheesan Demands Comprehensive Relief for Struggling Kerala Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com