എത്ര തിരഞ്ഞാലും തിരിച്ചുകിട്ടില്ലല്ലോ..., വീടിരുന്ന സ്ഥലത്ത് ചെളിയും പാറക്കല്ലുകളും മാത്രം; നഷ്ടഭൂമിയിൽ അവർ വീണ്ടും
Mail This Article
മേപ്പാടി∙ പ്രിയപ്പെട്ടതെല്ലാം നഷ്ടമായ ഭൂമിയിൽ അവർ ഒരിക്കൽ കൂടി എത്തി. തിരച്ചിലിനാണ് എത്തിയതെങ്കിലും തങ്ങളുടെ നഷ്ടഭൂമി ഒരിക്കൽ കൂടി കാണുക മാത്രമായിരുന്നു പലരുടേയും ലക്ഷ്യം. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ റജിസ്റ്റര്‍ ചെയ്ത 190 പേരാണ് തിരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നത്. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് തിരച്ചില്‍ തുടങ്ങിയത്. പലരും വീടിരുന്ന സ്ഥലത്തെത്തിയപ്പോൾ വിതുമ്പിക്കരഞ്ഞു. ചെളിയും പാറക്കല്ലുകളും മാത്രമായിരുന്നു അവിടെ അവശേഷിച്ചിരുന്നത്.
തിരിച്ചിലിൽ എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലല്ല പലരും എത്തിയത്. തങ്ങളുടെ പ്രാണനായിരുന്ന സ്ഥലത്ത് ഒരിക്കൽ കൂടി എത്തുക എന്നത് മാത്രമായിരുന്നു. ഉരുൾപൊട്ടിയ രാത്രിയിൽ ഇവിടെ നിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടവരാണ് ഇവർ. പലരും ഇന്നാണ് വീണ്ടും ഇതേ സ്ഥലത്തേക്കു വരുന്നത്.
കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിനെയും തിരച്ചിലിനായി ഉപയോഗിച്ചു.
വനം വകുപ്പ് കാടിനുള്ളിലെ പരപ്പന്‍പാറയിലും കലക്കന്‍ പുഴയിലുമാണ് പരിശോധന നടത്തിയത്. അതീവ ദുഷ്‌കരമായ കാട്ടുപാതകള്‍ താണ്ടി പുഴയോരത്ത് കൂടിയായിരുന്നു തിരച്ചില്‍. ഹെലികോപ്റ്റര്‍ വഴി തുരുത്തുകളില്‍ ഇറങ്ങി ഇവിടെയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിനു താഴ്ന്ന് പറക്കാന്‍ കഴിയാതെ വന്നതോടെ നിരവധി ദൂരം കാടിനകത്തു കൂടി നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചെത്തിയത്.
തിരച്ചിൽ സംഘത്തോടൊപ്പം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ.സേതുരാമന്‍ തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, പ്രദേശവാസികൾ, ജനപ്രതിനിധികൾ, സന്നദ്ധപ്രവര്‍ത്തകർ എന്നിവരും തിരച്ചിലിൽ പങ്കാളികളായി.