ദുരന്തമുഖത്ത് പ്രധാനമന്ത്രി, ദുരഭിമാനക്കൊലയെ ന്യായീകരിച്ച് നടൻ രഞ്ജിത്: പ്രധാനവാർത്തകൾ
Mail This Article
1. മേപ്പാടി∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലുമെത്തി ദുരന്തത്തിന്റെ തീവ്രത നേരിട്ടു മനസ്സിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശനം സംബന്ധിച്ച സമയക്രമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും അരമണിക്കൂർ നേരത്തേ പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലളിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ദുരന്തഭൂമിയിലേക്ക് ഉദ്യോഗസ്ഥർക്കൊപ്പം നടന്നു.
2. തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വനിതാ വ്ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിൽ. സെക്രട്ടേറിയറ്റ് സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ലോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കു പോലും കർശന നിയന്ത്രണമുള്ളയിടത്താണ് വ്ലോഗ് ചിത്രീകരണം.
സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗറുടെ വിഡിയോ ഷൂട്ട്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്, വിവാദം
3. വാഷിങ്ടൻ∙ യൂട്യൂബ് മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൂസൻ വൊജിസ്കി (56) അന്തരിച്ചു രണ്ടുവർഷമായി ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്നു. ഭർത്താവ് ഡെന്നീസ് പ്രോപ്പർ ആണ് മരണവിവരം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.
വായിക്കാം: യുട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി അന്തരിച്ചു
4.സേലം∙ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണു പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്ജിത് മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞത്. കുട്ടികളോടു മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കവുംണ്ടംപാളയം’ എന്ന പുതിയ ചിത്രം റിലീസ് ചെയ്തതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ’: വിവാദ പ്രസ്‍താവനയുമായി തമിഴ് നടൻ രഞ്ജിത്
5. കൊൽക്കത്ത∙ ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി വിദ്യാർഥിയായ വനിതാ ഡോക്ടറുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. ലൈംഗികമായി അതിക്രമിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരി.