വിമാനക്കമ്പനികൾക്ക് ‘പിഴിയൽ’ സീസൺ; ഗൾഫ് പ്രവാസികൾക്ക് ഇത് ‘സാഡ്’ ഹോളിഡേയ്സ്!
Mail This Article
കൊച്ചി ∙ ജൂലൈ ആദ്യം സ്കൂൾ അടച്ചതോടെ കുറച്ചു ദിവസം നാട്ടിലെ വീട്ടിൽ നിന്നിട്ടു പോരാം എന്നു തീരുമാനിച്ചതായിരുന്നു ദുബായിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ വിനോദും കുടുംബവും. ടിക്കറ്റ് നിരക്ക് കണ്ടതോടെ കുടുംബത്തിന്റെ കണ്ണു തള്ളി. ജൂലൈ ഏഴിന് 60,000 രൂപയായിരുന്നു ഒരാൾക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാൻ മുടക്കേണ്ട തുക. നാലംഗങ്ങളുള്ള ഒരു കുടുംബം ഇത്തരത്തിൽ നാട്ടിൽ വരണമെങ്കിൽ മാത്രം രണ്ടര ലക്ഷത്തോളം രൂപ മുടക്കണമെന്നു വന്നതോടെ യാത്ര തന്നെ വേണ്ടെന്നു വച്ചു. അതേസമയം, കൊച്ചിയിൽനിന്നു ദുബായിലേക്ക് പോകാനുള്ള ശരാശരി ടിക്കറ്റ് നിരക്ക് കേവലം 7000 ഇന്ത്യൻ രൂപയായിരുന്നു. ഇത്തരത്തിൽ സ്കൂള്‍ അവധിക്കാലത്തും ഉത്സവനാളുകളിലും വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നത് കുറെ വർഷങ്ങളായി തുടങ്ങിയിട്ട്. എല്ലാ വർഷവും പ്രതിഷേധങ്ങൾ ഉയരാറുണ്ട്, എംപിമാർ പാർലമെന്റിൽ വിഷയം അവതരിപ്പിക്കാറുണ്ട്, പ്രവാസി സംഘടനകൾ മന്ത്രിമാരെയടക്കം കണ്ട് നിവേദനങ്ങൾ നൽകാറുണ്ട്, എന്നാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാറില്ലെന്നു മാത്രം. എന്നാൽ ഈ നിരക്കിൽ കുറച്ചു ടിക്കറ്റുകളെങ്കിലും വിറ്റു പോകാൻ പറ്റുന്നതു കൊണ്ടാണ് കമ്പനി പൂട്ടിപ്പോകാത്തത് എന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.
ദുബായിലെ ഒട്ടുമിക്ക സ്കൂളുകളും ഓഗസ്റ്റ് 26ന് തുറക്കും. നീണ്ട അവധിക്കാലം കഴിഞ്ഞ് തിരികെപ്പോകുന്ന മലയാളികളാണ് ഇത്തവണയും വിമാനക്കമ്പനികൾക്ക് ലഭിച്ചിരിക്കുന്ന ചാകര. കുറെയധികം പേർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക് ചെയ്തിട്ടുള്ളവരാകും. എങ്കിലും അനേകം പേർ ഒരാഴ്ച മുൻപൊക്കെയാണ് ടിക്കറ്റ് എടുക്കാറുള്ളത്. ഓഗസ്റ്റ് 11 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ഒരു ഇന്ത്യൻ വിമാനത്തിൽ പറക്കണമെങ്കിൽ ഒരാൾ മുടക്കേണ്ടത് 30,000 രൂപ മുതൽ 40,000 രൂപ വരെയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 24,000 രൂപയാണ്, പക്ഷേ ഈ ടിക്കറ്റെടുത്താൽ ഒന്നോ രണ്ടോ വിമാനത്താവങ്ങളിൽ നിർത്തി 9–20 മണിക്കൂർ വരെയെടുക്കും ലക്ഷ്യസ്ഥാനത്തെത്തൂ.
‘‘ഇത് പുതിയ കാര്യമല്ല, കുറെ വർഷങ്ങളായി ഇങ്ങനെ തന്നെയാണ്. സ്കൂൾ അവധിക്കാലവും മറ്റും നേരത്തെ അറിയാവുന്നതിനാൽ മിക്കവരും നേരത്തെ തന്നെ ടിക്കറ്റെടുത്തുവയ്ക്കും. ഇതേ രീതിയിൽ ഓണത്തിന് ഒരാഴ്ച മുൻപും ഓണം കഴിഞ്ഞ് ആളുകൾ തിരിച്ചു പോകുമ്പോഴും ടിക്കറ്റ് നിരക്ക് വർധിക്കും. ഒക്ടോബർ, നവംബർ സമയങ്ങളിൽ വീണ്ടും കുറയും. പീക്ക് സീസണല്ലാത്ത സമയത്ത് 6,000–7,000 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്ക്. അതിനൊപ്പം, ഞങ്ങൾ ഏജൻസികൾ ചില ഓഫറുകൾ നൽകുമ്പോൾ അത് നോക്കി ടിക്കറ്റെടുക്കുന്നവരുമുണ്ട്.’’– ട്രാവൽ ഏജൻസി നടത്തുന്ന പാലാ സ്വദേശി ലിഞ്ചു പറയുന്നു.
രൂപയുടെ മൂല്യം കുറയുന്നതും പ്രശ്നമാകുന്നുണ്ടെന്ന് കൊച്ചിയിൽ ട്രാവൽ ഏജൻസി നടത്തുന്ന സലിൽ പറയുന്നു. ‘‘കഴിഞ്ഞ ഒരാഴ്ചക്കിടെ 50–70 പൈസയുടെ മാറ്റമുണ്ടായിട്ടുണ്ട്. ഇത് ഇവിടെ നിന്ന് പുറത്തേക്കു പോകുന്നവർക്കും ഞങ്ങൾക്കുമൊക്കെ നഷ്ടം വരുത്തുന്നുണ്ട്.’’– അദ്ദേഹം പറയുന്നു. ഏറ്റവും കുറവ് നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിലാണെങ്കിലും മുൻപുണ്ടായ പ്രതിസന്ധിയുടെ വെളിച്ചത്തിൽ ഇപ്പോഴും ടിക്കറ്റുകളെടുക്കാൻ മടിക്കുന്നവരുണ്ടെന്ന് തൃശൂർ സ്വദേശിയായ ട്രാവൽ ഏജന്റ് പറയുന്നു. ഇതുമൂലം പലപ്പോഴും കൂടിയ നിരക്ക് ഈടാക്കുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് എടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറയുന്നു.
ടിക്കറ്റ് നിരക്കിൽ എത്ര വർധനവുണ്ടായാലും എല്ലാ വിമാനങ്ങളും തന്നെ ‘ഹൗസ് ഫുൾ’ ആയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്നത്. സ്കൂള്‍ തുറക്കൽ പോലുള്ളവ ഉള്ളതിനാൽ യാത്ര നീട്ടിവയ്ക്കാൻ കഴിയാത്ത, നേരത്തെ ടിക്കറ്റ് എടുത്തിട്ടില്ലാത്തവർക്ക് എത്ര തുകയാണെങ്കിലും ടിക്കറ്റ് എടുക്കാതിരിക്കാനാവില്ല. ആളുകൾ കൂടുതലായി ടിക്കറ്റ് നോക്കിത്തുടങ്ങുന്ന തീയതികളിൽ സ്വാഭാവികമായി തന്നെ ടിക്കറ്റ് നിരക്ക് ഉയരുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നതും.
പിഴിഞ്ഞെടുക്കുന്നതാണങ്കിലും ഉയർന്ന നിരക്കിൽ വിൽക്കുന്ന ഈ ടിക്കറ്റുകൾ മൂലമാണ് തങ്ങൾ പിടിച്ചു നിൽക്കുന്നത് എന്നാണ് വിമാനക്കമ്പനികളിലൊന്നിന്റെ പ്രതിനിധി പറയുന്നത്. ‘‘ൈഡനാമിക് പ്രൈസിങ് സിസ്റ്റം അനുസരിച്ചാണ് വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നത്. തണുപ്പുകാലം, ചൂടുകാലം എന്നിങ്ങനെ 2 സീസണുകളിലായി തിരിച്ചാണ് വിമാനക്കമ്പനികളുടെ ഷെഡ്യൂൾ നിശ്ചയിക്കുന്നത്. ഈ ആറു മാസം മുൻപു മുതൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക് ചെയ്യാൻ സാധിക്കും. ഷെഡ്യൂൾ ഇന്റഗ്രിറ്റി പാലിക്കണമെന്നതിനാൽ ഒരാൾ മാത്രമേ യാത്രയ്ക്കുള്ളൂ എങ്കിലും വിമാനത്തിന് സർവീസ് മുടക്കാൻ സാധിക്കില്ല. ഗൾഫ് മേഖലയിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 7000–10,000 ഒക്കെയാണ്. ബോയിങ് 737, എയർബസ് എ320 സീരീസുകളിലുള്ള വിമാനങ്ങളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. ശരാശരി 160–180 സീറ്റുകളാണ് ഇവയ്ക്കുള്ളത്.
എന്നാൽ പീക്ക് സീസൺ അല്ലാത്തപ്പോൾ വെറും 60–70 പേരുമൊക്കെയായാണ് സർവീസ് നടത്താറ്. എണ്ണയടിക്കാനുള്ള പണം പോലും പലപ്പോഴും കിട്ടാത്ത അവസ്ഥയുണ്ട്. നേരത്തെ വിമാന ഇന്ധനം ലഭിക്കാൻ ക്രെഡിറ്റ് സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോൾ പണം കൊടുത്ത് ഇന്ധനമടിക്കുന്ന രീതിയിലേക്ക് മാറി. ബാങ്കുകളും ക്രെഡിറ്റ് കൊടുക്കാൻ തയാറാകുന്നില്ല. ഒരു ഇന്ത്യൻ കമ്പനിയുടെ വിമാനം അടുത്തിടെ ഇന്ധനത്തിന്റെ പണം നൽകാത്തതുകൊണ്ട് ദുബായിൽ നിന്ന് പറന്നുയരുന്നത് തടഞ്ഞിരുന്നു. പൂട്ടിപ്പോയ വിമാനക്കമ്പനികളുടെ എണ്ണം നോക്കിയാൽ തന്നെ ഈ മേഖലയിലെ പ്രതിസന്ധി മനസ്സിലാകും’’, അദ്ദേഹം പറയുന്നു.
യാത്രയ്ക്ക് 3 മാസം മുൻപാണ് ആളുകൾ ഏറ്റവുമധികം ടിക്കറ്റുകൾ ബുക് ചെയ്യുന്നത്. ഈ സമയത്ത് ന്യായമായ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാറുണ്ട് എന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റു ചിലർ അഭിപ്രായപ്പെടുന്നു. അവസാന സമയങ്ങളിൽ ബുക് ചെയ്യുന്ന കുറച്ചു ടിക്കറ്റുകൾക്ക് മാത്രമാണ് കൂടിയ നിരക്ക് ഈടാക്കുന്നുള്ളൂ എന്നും ഇതു ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരെ പിഴിയുന്നു എന്നൊക്കെയുള്ള വിമർശനങ്ങൾ ഉയരുന്നത് എന്ന് അഭിപ്രായപ്പെടുന്നവരും ഈ മേഖലയിലുണ്ട്. അടുത്തടുത്തുള്ള സീറ്റുകളിൽ ഇരിക്കുന്ന ഒരാളുടെ ടിക്കറ്റ് 10,000 രൂപയുടേത് ആണെങ്കില്‍ അടുത്തിരിക്കുന്ന ആൾ 50,000 രൂപയ്ക്കായിരിക്കും ടിക്കറ്റ് എടുത്തിട്ടുണ്ടാവുക. അപ്പോൾ എല്ലാ ടിക്കറ്റുകൾക്കും കൂടിയ നിരക്ക് ഈടാക്കുന്നു എന്ന വിമർശനം ശരിയല്ല എന്നാണ് വിമാനക്കമ്പനികളുടെ വാദം.