‘ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ’: വിവാദ പ്രസ്താവനയുമായി തമിഴ് നടൻ രഞ്ജിത്
Mail This Article
സേലം∙ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണു പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്ജിത് മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞത്. കുട്ടികളോടു മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കവുംണ്ടംപാളയം’ എന്ന പുതിയ ചിത്രം റിലീസ് ചെയ്തതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്കു മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണു സംഭവിച്ചതെന്നു നമ്മൾ അന്വേഷിക്കില്ലേ? കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതൽ മാത്രമാണ്’’ – രഞ്ജിത് ന്യായീകരിച്ചു. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിലും ശ്രദ്ദേയനായ നടനാണ് രഞ്ജിത്.
അതേസമയം, ദുരഭിമാനക്കൊലയ്ക്ക് എതിരെ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ദുരഭിമാനക്കൊലയിൽ തമിഴ്നാട്ടിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ നടന് എങ്ങനെ ഇത്തരം പ്രതികരണം നടത്താൻ സാധിക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം. നേരത്തേയും രഞ്ജിത് വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മുൻപത്തെ പരാമർശവും വിവാദമായിരുന്നു.