കാൽനൂറ്റാണ്ടായി ഒരേയൊരു പുട്ടിൻ; ആ ഉരുക്കുമുഷ്ടിയിൽ ഭയന്നുറങ്ങുന്ന റഷ്യ
Mail This Article
ഇരുപത്തിയഞ്ചു വർഷത്തിനിടെ യുഎസിൽ അഞ്ചു പുതിയ പ്രസിഡന്റുമാരുണ്ടായി. ജോർജ് ഡബ്ല്യു.ബുഷും ബറാക് ഒബാമയും രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ എട്ടു പുതിയ പ്രധാനമന്ത്രിമാരുണ്ടായി. മിക്കവാറും ലോകരാജ്യങ്ങളിൽ ഭരണാധികാരികൾ ഉദിച്ചസ്തമിച്ചു. പക്ഷേ ഇക്കാലമത്രയും റഷ്യയിൽ വ്ലാഡിമിർ വ്ലാഡിമിറോവിച്ച് പുട്ടിൻ മാത്രമേയുണ്ടായിരുന്നുള്ളൂ, ബാക്കിയെല്ലാം പാവകളായിരുന്നു. ഭരണഘടനയെ മറികടക്കാൻ പ്രധാനമന്ത്രിയായും പ്രസിഡന്റായും തരം പോലെ സ്ഥാനം മാറിയെങ്കിലും റഷ്യ ഭീതിയും അരക്ഷിതാവസ്ഥയും കലർന്ന വിധേയത്വത്തോടെ ആ ഉരുക്കുമുഷ്ടിക്കുള്ളിലായിരുന്നു. റഷ്യൻ രാഷ്ട്രീയ ചിന്തകൻ മിഖായിൽ കൊമിന്റെ വാക്കുകൾ കടമെടുത്താൽ ‘ലോകത്തെ ഏറ്റവും കരുത്താർന്ന വ്യക്തിഗത സ്വേച്ഛാധിപത്യ’ത്തിന് അകത്തായിരുന്നു റഷ്യ.
എല്ലാ സമഗ്രാധിപതികളെയും പോലെ പുട്ടിനും റഷ്യൻ ജനതയുടെ വൈകാരികമായ താഴ്‌നിലയെ മുതലെടുക്കുകയും നഷ്ടമായ വാഗ്ദത്ത സാമ്രാജ്യത്തെക്കുറിച്ച് ഓർമിപ്പിക്കുകയും സോവിയറ്റ് പ്രതാപം വീണ്ടെടുക്കുമെന്ന വിലയേറിയ വാഗ്ദാനം നൽകുകയുമായിരുന്നു. ശീതയുദ്ധാനന്തരം യുഎസിന് അധീശത്വമുള്ള ലോകക്രമമുണ്ടായതും സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായതും ഉൾക്കൊള്ളാൻ പ്രയാസപ്പെട്ടിരുന്ന റഷ്യൻ ജനത പുട്ടിന്റെ ‘ഹൈപർ മാസ്‌കുലിനിറ്റി’യിൽ ആകൃഷ്ടരായി. ജൂഡോയിലൂടെ ദൃഢമാക്കിയ ശരീരം ഷർട്ടിടാതെ പ്രദർശിപ്പിക്കുന്ന പുട്ടിന്റെ ചിത്രങ്ങൾ പോലും പ്രചാരവേലയ്ക്ക് ഉപയോഗിക്കപ്പെട്ടു. ‘സുവർണ ഭൂതകാല’ത്തോളം വിപണനമൂല്യമുള്ളതൊന്നും സ്വേച്ഛാധിപത്യം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ക്രൈമിയയും യുക്രെയ്‌നുമെല്ലാം ആ വികാരത്തെ ജ്വലിപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.
കാൽനൂറ്റാണ്ടു കാലം കൊണ്ട് റഷ്യൻ ജനതയിൽ വലിയൊരു ഭാഗത്തിന് ആ പൊള്ളത്തരം മനസ്സിലാക്കാനായെങ്കിലും അവർക്കു മുന്നിൽ വിജയസാധ്യതയുള്ള രാഷ്ട്രീയ ബദലുകളില്ലായിരുന്നു. പുട്ടിനാകട്ടെ രാഷ്ട്രീയ സ്ഥാപനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങളെ മുട്ടിലിഴയിക്കുകയോ രാജ്യംവിടാൻ നിർബന്ധിതമാക്കുകയോ ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ നിയമങ്ങൾ കൊണ്ടുവന്നു. പുട്ടിനെതിരെ ശബ്ദിക്കുകയെന്നാൽ രാജ്യദ്രോഹിയാകുന്ന സ്ഥിതിയായി. റഷ്യൻ നിഘണ്ടുവിൽ ഏറെ തിരഞ്ഞാൽ മാത്രം കണ്ടുകിട്ടുന്ന വാക്കായി ജനാധിപത്യം.
ഗാരി കാസ്പറോവിനെയും അലക്‌സി നവൽനിയെയും പോലെ പുട്ടിനെതിരെ ചെക്ക്‌മേറ്റിനു കോപ്പുകൂട്ടിയവരെ റഷ്യയിൽനിന്നോ ഭൂമുഖത്തുനിന്നു തന്നെയോ ഇല്ലാതാക്കി. തിരഞ്ഞെടുപ്പു സംവിധാനത്തെ അഴിച്ചുപണിത് താറുമാറാക്കി. അനുകൂലികൾക്കു പോലും അവിശ്വസനീയമായ വോട്ടോടെയാണ് പുട്ടിൻ ഏറ്റവും ഒടുവിലും തിരഞ്ഞെടുക്കപ്പെട്ടത്. 88 ശതമാനം വോട്ടു നേടിയെന്നത് റഷ്യ പോലൊരു രാജ്യത്ത്, തീർത്തും സ്വതന്ത്രമായ തിരഞ്ഞെടുപ്പായിരുന്നെങ്കിൽ അസാധ്യമായേനെ. 2004 നു ശേഷം പുട്ടിൻ ശരിക്കുമൊരു തിരഞ്ഞെടുപ്പു ജയം നേടിയിട്ടില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പുകൾ പേരിനു മാത്രമായിരുന്നു. ഏകപക്ഷീയമായ ഫലം വരുംവിധം സംവിധാനം ചെയ്യപ്പെട്ടതായിരുന്നു അവയെല്ലാം.
പ്രാദേശിക ഭരണകൂടങ്ങളെയും ഒലിഗാർക്കുകൾ പോലുള്ള മറ്റ് അധികാര കേന്ദ്രങ്ങളെയുമെല്ലാം അതിദുർബലമാക്കി എല്ലാം ക്രെംലിനിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് പുട്ടിൻ തന്റെ സമഗ്രാധിപത്യം സാധ്യമാക്കിയത്. അധികാര കേന്ദ്രീകരണത്തിലൂടെ ബഹുസ്വരതകളെ ഇല്ലാതാക്കി. ക്രെംലിന്റെ അധികാര പ്രയോഗങ്ങളെ ഒരുപരിധി വരെ ജനാധിപത്യപരമായി നേർപ്പിച്ചിരുന്ന ഭരണഘടനാപരവും അനൗപചാരികവുമായ സംവിധാനങ്ങളെയെല്ലാം താറുമാറാക്കി. അധികാരവഴികളെല്ലാം ക്രെംലിനിലേക്കായിരുന്നു നീണ്ടത്; അതുവഴി പുട്ടിനിലേക്കും.
മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ തന്റെ തന്നെ മുൻകാല റെക്കോർഡുകൾ നിരന്തരം തിരുത്തിക്കുറിച്ചായിരുന്നു പുട്ടിന്റെ യാത്ര. ഇതിനപ്പുറം ഒന്നും ചെയ്യാനാവില്ലെന്നു കരുതുമ്പോഴായിരിക്കും ആ ചിന്തയെപ്പോലും അപ്രസക്തമാക്കുംവിധമുള്ള നിഷ്ഠുരമായ അടിച്ചമർത്തലുകൾ നടത്തുക. തനിക്കെതിരെ ശബ്ദിക്കുന്ന നാവുകളോരോന്നും പിഴുതെറിഞ്ഞ്, കുതിക്കാൻ രാഷ്ട്രീയകെൽപുള്ളവരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു പുട്ടിൻ. നീതിന്യായ വ്യവസ്ഥയുടെ അധഃപതനമാണ് ഏറ്റവും എടുത്തുപറയേണ്ടത്. തുല്യതയ്ക്കു പ്രവേശനമില്ലാത്ത കോടതിമുറികളാണ് പുട്ടിന്റെ രണ്ടാം ഭരണകാലം തൊട്ടുണ്ടായത്. സ്വാതന്ത്ര്യം അടിയറവച്ച്, പൂർണമായും ഭരണകൂടത്തിനു വിധേയമായ തീരുമാനങ്ങളാണ് കോടതിവിധികളായി പുറത്തുവന്നത്.
തേർവാഴ്ചയ്ക്ക് അരുനിൽക്കുകയായിരുന്നു ന്യായാധിപൻമാർ. ചീഫ് ജസ്റ്റിസുമാർക്ക് അമിതാധികാരം നൽകുന്നതടക്കമുള്ള നിയമപരിഷ്‌കാരങ്ങളുടെ ലക്ഷ്യം കോടതികളെ ചൊൽപ്പടിക്കു കൊണ്ടുവരികയായിരുന്നു. ഭരണകൂടത്തിന്റെ പൗരവേട്ട നിർബാധം തുടരുമ്പോൾ അരുതെന്നു പറയാൻ നിയമത്തിന്റെ നാവു പൊന്തുന്നില്ല. പുട്ടിനോടു കൂറുള്ള പഴയ സുഹൃത്തുക്കളെല്ലാം ശതകോടികൾ കൊയ്തുകൂട്ടി. വലിയ പദ്ധതികൾ പലതും അവർക്കാണു ലഭിക്കുന്നത്. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതു വലിയൊരു പരിധിയോളം ഇത്തരക്കാരാണ്. പുട്ടിൻ ഇവരെ ഒരു മറയോ രാഷ്ട്രീയ കവചമോ ആയി ഉപയോഗിക്കുകയാണ്. പുടിനു വ്യക്തിപരമായും വാണിജ്യതാൽപര്യങ്ങളുണ്ട്.
പുട്ടിന്റെ ഭരണം ഇതാ പിഴുതെറിയപ്പെടാൻ പോകുന്നു എന്നു തോന്നിപ്പിച്ച ജനകീയ പ്രതിഷേധങ്ങൾ പോലും വന്നതുപോലെ പോയി. ക്രൂരമായ ഹിംസകൾ അരങ്ങേറി. രാഷ്ട്രീയ എതിരാളികൾ ജയിലിലും പുറത്തും നിരന്തരം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിനെത്തുടർന്ന് മോസ്‌കോയിലെ ബൊലോത്‌നയ ചത്വരത്തിൽ 2011ലുണ്ടായ പ്രതിഷേധം, പെൻഷൻ പരിഷ്‌കാരങ്ങളെത്തുടർന്ന് 2018ലുണ്ടായ ജനവികാരം, പുട്ടിന്റെ രാഷ്ട്രീയ എതിരാളി അലക്‌സി നവൽനിക്കു നേരെയുള്ള ഭരണകൂട പ്രതികാരത്തിനെതിരെ പല കാലങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾ, യുക്രെയ്നോടുള്ള യുദ്ധപ്രഖ്യാപനത്തെ തുടർന്ന് സെന്റ് പീറ്റേഴ്‌സ്ബർഗും മോസ്‌കോയുമടക്കമുള്ള പ്രധാന നഗരങ്ങളിലെ തെരുവുകളിൽ കണ്ട ജനരോഷം, യെവ്ഗിനി പ്രിഗോഷിന്റെ കൂലിപ്പട്ടാളം നടത്തിയ കലാപം.. ഇതൊക്കെ നീറിപ്പിടിക്കുമെന്നും പുട്ടിനെ മറിച്ചിടുമെന്നും കരുതിയ രാഷ്ട്രീയ എതിരാളികളും നിരീക്ഷകരുമുണ്ട്. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ പുട്ടിന്റെ തന്ത്രങ്ങൾക്കായി.
പ്രതിസന്ധികളുടെയും പ്രക്ഷോഭങ്ങളുടെയും കാലത്ത് എതിരാളികളുമായി അനുരഞ്ജനത്തിലേർപ്പടുന്ന രീതി പണ്ടുതൊട്ടേ റഷ്യൻ രാഷ്ട്രീയ പാരമ്പര്യത്തിലില്ല. കൂടുതൽ അടിച്ചമർത്തുകയാണ് പതിവ്. പുട്ടിൻ അതു കൃത്യമായി പിന്തുടരുന്നു.
റഷ്യയെ അടക്കിവാണ 25 വർഷങ്ങൾ പുട്ടിനിലെ അധികാരമോഹത്തെ ശമിപ്പിച്ചിട്ടില്ല. അധികാരമില്ലാതെ ഒരു ദിനം പുലരുന്നത് അദ്ദേഹം സഹിക്കില്ല. അതുകൊണ്ടുതന്നെ പുട്ടിൻ സ്ഥാനത്യാഗം ചെയ്യാൻ സാധ്യതയില്ല. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഒത്തൊരു രാഷ്ട്രീയ എതിരാളി ഉയർന്നുവരാനും പോകുന്നില്ല. റഷ്യയുടെ ആഗോള പ്രസക്തി ഒരു പരിധിയോളമെങ്കിലും വീണ്ടെടുക്കാൻ കഴിഞ്ഞതും പുട്ടിനു തുണയാകുന്നു. പാശ്ചാത്യമാധ്യമങ്ങൾ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കുന്ന അനാരോഗ്യ വാർത്തകൾ ശരിയല്ലെങ്കിൽ റഷ്യയ്ക്ക് ഉടനെയെങ്ങും മറ്റൊരു നേതാവുണ്ടാകാൻ ഇടയില്ല.
എന്തു മോശം കാര്യം സംഭവിച്ചാലും പുട്ടിനെയല്ല റഷ്യൻ ജനസാമാന്യം കുറ്റപ്പെടുത്തുക, പ്രാദേശിക ഭരണാധികാരികളെയാണ്. പുട്ടിൻ അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ഈ ഇരുപത്തിയഞ്ചുവർഷക്കാലവും അവർ വിശ്വസിച്ചുപോന്നു. ആ വിശ്വാസമാണ് പുട്ടിനെ അധികാരക്കസേരയിൽ ഉറപ്പിച്ച് ഇരുത്തുന്നത്. സ്റ്റാലിൻ മരിച്ചിട്ടും സ്റ്റാലിനിസം അതിജീവിക്കുന്നതിനെക്കുറിച്ച് യെവ്തുഷെങ്കോയുടെ കവിതയുണ്ട്. പുട്ടിന്റെ അധികാരവർഷങ്ങൾ റഷ്യൻ സമൂഹത്തെക്കുറിച്ചു പറയുന്നത് ഇതാണ്: സ്റ്റാലിനിസം മറ്റെന്തിനെക്കാളും ഒരു മാനസികാവസ്ഥയാണ്. അതിൽനിന്നു പുറത്തുകടക്കാത്തിടത്തോളം സമൂഹം സമഗ്രാധിപതികളെ ആഗ്രഹിച്ചുകൊണ്ടിരിക്കും. ആ ആഗ്രഹം മിക്കവാറും നിറവേറുമെന്നതിനു പുട്ടിനോളം വലിയ ദൃഷ്ടാന്തം ആരുണ്ട്?