പൊലീസിന്റെ ചോദ്യംചെയ്യൽ, പിന്നാലെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഓട്ടോ കണക്ടായി; വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി പിടിയിൽ
Mail This Article
കൊൽക്കത്ത ∙ ആർ.ജി. കാർ ഗവ.മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ബ്ലൂടൂത്ത്. പൊലീസ് അറസ്റ്റു ചെയ്ത സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതാണ് വഴിത്തിരിവായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിജി രണ്ടാംവർഷ വിദ്യാർഥിനിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം.
സ്ഥലത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ കൊല്‍ക്കത്ത പൊലീസ് ശേഖരിച്ചിരുന്നു. സെമിനാർ ഹാളിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ സഞ്ജയ് റോയ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അവരുടെയെല്ലാം ഫോണുകൾ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥർ സംശയിക്കുന്നവരുടെ ഫോണുകളിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണക്ട് ചെയ്യാൻ ശ്രമിച്ചു. സഞ്ജയുടെ ഫോണിൽ ബ്ലൂടൂത്ത് ഓട്ടമാറ്റിക് ആയി കണക്ട് ആയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നും ദേശീയമാധ്യമങ്ങൾ പറയുന്നു. കുറ്റകൃത്യം നടത്താൻ സഞ്ജയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.
ആശുപത്രിയുമായി ബന്ധമില്ലാത്തയാളാണ് സഞ്ജയ്. ഇയാൾ കോളജിലെ പല ഡിപ്പാർട്മെന്റുകളിലും അനധികൃതമായി പ്രവേശിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണു സംഭവം നടന്നതെന്നു കരുതുന്നു. 2 മണിക്കു ജൂനിയർ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പെൺകുട്ടി സെമിനാർ ഹാളിലേക്ക് പോയി. അതിനുശേഷം രാവിലെ മരിച്ച നിലയിലാണു കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കുന്നതിനു പ്രത്യേക മുറി ഇല്ലാത്തതിനാൽ ഡോക്ടർമാർ സെമിനാർ ഹാൾ ഉപയോഗിക്കുന്നതു പതിവായിരുന്നു.
മെഡിക്കൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുയർന്ന സംഭവത്തിൽ കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പ്രതികളെ വെറുതേ വിടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ അറിയിച്ചു.