മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ് അന്തരിച്ചു
Mail This Article
ന്യൂഡൽഹി∙ മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു.
പാക്കിസ്ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സർക്കാരിൽ സ്റ്റീൽ, മൈൻ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1973–77 കാലഘട്ടത്തിൽ യുകെയിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈകമ്മിഷണറായിരുന്നു. 1977ൽ സാംബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി. 1984ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു.
1931ൽ രാജസ്ഥാനിലെ ഭാരത്പുരിലാണ് ജനനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1991ൽ സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻമാറി. 2002ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതോടെ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2008ൽ കോൺഗ്രസിൽനിന്ന് രാജിവച്ചു.