ഷിരൂരിൽ അർജുനായി നാളെ തിരച്ചില്‍; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ സോണാർ പരിശോധന
Mail This Article
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി ഗംഗാവലിപ്പുഴയിൽ നാളെ തിരച്ചിൽ നടത്താൻ തീരുമാനം. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധനയും നടത്തും. തിരച്ചിൽ പുനരാരംഭിക്കുന്നതു ചർച്ച ചെയ്യാൻ കാർവാറിൽ ചേർന്ന അടിയന്തര യോഗത്തിലാണു തീരുമാനം. കലക്ടർ, എസ്പി, നേവി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
തിരച്ചിൽ അനിശ്ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഒരു മാസത്തോളമായിട്ടും അർജുനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അര്‍ജുന്‍റെ കുടുംബം ഉയർത്തുന്നത്.
തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്‍റെ ഭാര്യയെയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. പല കാര്യങ്ങൾ പറഞ്ഞു തിരച്ചിൽ വൈകിപ്പിക്കുകയാണ്. ഈശ്വര്‍ മല്‍പെയെ നിര്‍ബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തിരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പൊലീസോ അനുവദിക്കുന്നില്ല. കാലാവസ്ഥ അനുകൂലമാണിപ്പോള്‍. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും ഈശ്വര്‍ മല്‍പെയെ പുഴയില്‍ ഇറങ്ങാൻ സമ്മതിക്കുന്നില്ല.
ഇന്നലെ വൈകിട്ടു വരെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി മഴയില്ലാതിരുന്നിട്ടും കാലാവസ്ഥ അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്. തിരച്ചിലിനു വേണ്ടി യാതൊരു ഏകോപനവും നടക്കുന്നില്ലെന്നും ജിതിൻ ആരോപിച്ചു.