‘നവകേരള ശിൽപി അച്യുത മേനോൻ; അടിയന്തരാവസ്ഥയുമായി കൂട്ടിക്കെട്ടുന്നത് ബോധപൂർവം’
Mail This Article
തിരുവനന്തപുരം∙ നവകേരള ശിൽപിയെന്ന് പലരെയും വിശേഷിപ്പിക്കാം, എന്നാൽ ആദ്യം പറയേണ്ട ഏറ്റവും ശക്തമായ പേര് സി.അച്യുത മേനോന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിയന്തരാവസ്ഥ തെറ്റാണെന്ന് സിപിഐ പറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും അച്യുത മേനോനെ അതുമായി കൂട്ടിക്കെട്ടുന്നത് ബോധപൂർവമാണെന്നും അദേഹം പറഞ്ഞു. തലസ്ഥാനത്ത് സ്ഥാപിച്ച സി. അച്യുതമേനോൻ പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കുന്നതിനിടെയാണ് സിപിഎമ്മിനെ ലക്ഷ്യംവച്ചുള്ള ബിനോയിയുടെ വിമർശനം. സമൂഹ മാധ്യമങ്ങളിൽ അടക്കം മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള ശിൽപിയെന്ന് ഇടതു പ്രൊഫൈലുകൾ വാഴ്ത്തുമ്പോഴാണ് ബിനോയിയുടെ വാക്കുകൾ ചർച്ചയാകുന്നത്.
ഇടതുപക്ഷം തിരുത്തണമെന്ന് പറയുന്നുണ്ട്. തിരുത്തൽ വേണ്ടതു തന്നെയാണ്. ഇടതുപക്ഷത്തിന്റെ ചരിത്ര വീക്ഷണത്തിലും തിരുത്തൽ വേണം. അച്യുത മേനോൻ സമം അടിയന്തരാവസ്ഥ എന്നതല്ല, അച്യുത മേനോൻ സമം ജന്മിത്വത്തിന്റെ അന്ത്യം എന്നോ ലക്ഷം വീട് എന്നോ പറയണം. അടിയന്തരാവസ്ഥ കഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞു. അതിനുശേഷം ഇടതുപക്ഷം ആരുമായൊക്കെയോ ചങ്ങാത്തം കൂടി. എന്നിട്ടും അച്യുത മേനോൻ സമം അടിയന്തിരാവസ്ഥ എന്നു പറയുന്നത് മാറ്റാൻ എന്തുകൊണ്ടോ തയാറല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് അച്യുത മേനോനാണ്. ലക്ഷം വീട് പദ്ധതിയും അച്യുത മേനോനാണ് കൊണ്ടുവന്നത്. പക്ഷേ അച്യുത മേനോൻ സർക്കാരിനെ ചില ചരിത്രകാരന്മാർ വിസ്മരിക്കുകയാണ്. അവരുടെ കണ്ണിൽ 1957 ഉം 1967 ഉം കഴിഞ്ഞാൽ ഇടതു സർക്കാർ അധികാരത്തിൽ വരുന്നത് 1980ലാണ്. അച്യുത മേനോൻ സർക്കാർ ഇടതു സർക്കാർ എന്ന് പറയാൻ അവർക്ക് മടിയാണ്. ഇതു ബോധപൂർവമാകാം അല്ലായിരിക്കാം. ചരിത്രം ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചാകരുത്. ചരിത്രം സത്യം തന്നെ ആയിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.