വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഹർജികൾ ഒരുമിച്ചു പരിഗണിക്കാൻ ഹൈക്കോടതി
Mail This Article
കൊച്ചി ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള വിവിധ ഹർജികൾ ഒരുമിച്ചു പരിഗണിക്കാൻ ഹൈക്കോടതി തീരുമാനം. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഇതു സംബന്ധിച്ച് ഹൈക്കോടതി മുൻപാകെയുള്ള മറ്റു ഹർജികൾക്കൊപ്പം കോടതി പരിഗണിക്കും. നേരത്തെ, കേരളത്തിൽ പരിസ്ഥിതി ഓഡിറ്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചായിരിക്കും ഈ കേസും പരിഗണിക്കുക. കേസുകൾ ഈ മാസം 16ന് പരിഗണിക്കും. എല്ലാ വെള്ളിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി പാലാ സ്വദേശി ജയിംസ് വടക്കൻ നൽകിയ ഹർജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതി നേരത്തെ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സാഹചര്യത്തിൽ അതിനൊപ്പം ഈ ഹർജിയും പരിഗണിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ദുരന്തബാധിതരുടെ കൃത്യമായ വിവരങ്ങൾ അന്വേഷിക്കാൻ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, ഉരുൾപൊട്ടൽ മേഖലയിലുള്ളവരുടെ പുനരധിവാസം, പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കൽ തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്. അനിയന്ത്രിതമായ ഖനനവും നിയന്ത്രണമില്ലാത്ത വികസന പ്രവർത്തനങ്ങളുമാണ് ദുരന്തത്തിന് ഇരയാക്കിയതെന്നു ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭൂമിയുടെ ഉപയോഗം സംബന്ധിച്ച ലാൻഡ് ഓഡിറ്റ്, ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന തലത്തിലും ഭൂപ്രകൃതിയുടെ സ്വഭാവം, ലഭ്യമായ പ്രകൃതി വിഭവങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഓഡിറ്റ് എന്നിവ ലഭ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്താകെ ജിയോ മാപ്പിങ് നടത്താനും കോടതി നിർദേശിച്ചിരുന്നു.