കരിമണൽ ഖനനം: മുഖ്യമന്ത്രിക്ക് എതിരെ ഷോൺ ജോർജിന്റെ ഹർജി
Mail This Article
കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിനു പിന്നാലെ കരിമണൽ ഖനന വിഷയത്തിലും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ഷോൺ ജോർജിന്റെ ഹർജി. ദുരന്ത നിവാരണത്തിന്റെ മറവിൽ തോട്ടപ്പള്ളിയിലും തീരദേശത്തും നടത്തുന്നത് അനധികൃത ഖനനമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഖനനം സംബന്ധിച്ച് സിബിഐ,എൻഐഎ അന്വേഷണമാണു ഹര്‍ജിയിലെ ആവശ്യം.
തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആണവധാതുക്കൾ അടങ്ങിയ കരിമണൽ കടത്തുകയാണെന്നാണു ഷോൺ ജോർജിന്റെ ആരോപണം. ഈ മണൽ കടത്തുമായി ബന്ധപ്പെട്ടു സിഎംആർഎൽ കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിനു ശേഷവും മണൽക്കടത്തു നിർബാധം തുടരുകയാണെന്നു ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു. കുട്ടനാടിനെ പ്രളയത്തിൽ നിന്നു രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണു കാലാകാലങ്ങളായി ഇവിടെ കൊള്ള നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
പൊഴിമുഖം തുറക്കുന്നതിനു സംസ്ഥാന സർക്കാർ 24 ലക്ഷം രൂപ അനുവദിച്ചു പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷമാണു വീണ്ടും മണൽ നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പ് ടെണ്ടർ വിളിച്ചത്. പൊഴിമുഖത്തുനിന്നു മണൽ നീക്കം ചെയ്യാനല്ലാതെ മണൽ വാരി വിൽക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ എവിടെയും പറഞ്ഞിട്ടില്ലെന്നു ഹർജിയിൽ പറയുന്നു. മാത്രമല്ല, ഇവിടെനിന്നു നീക്കം ചെയ്യുന്ന മണലിൽ ആണവധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നു സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാണ്. അതിനാൽ തന്നെ ഇതിനായി പാരിസ്ഥിതിക അനുമതിയോ, തീരദേശ മേഖലാ നിയന്ത്രണ നിയമമോ പാലിക്കാതെ അനധികൃതമായി ടൺ കണക്കിനു മണലാണ് ഈ മേഖലയിൽനിന്ന് ഓരോ ദിവസവും കടത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ആണവധാതുക്കൾ അടങ്ങിയ മണൽ കടത്തുന്നതിൽ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന നിരവധി ഘടകങ്ങളുണ്ടെന്നും അതിനാൽ മുന്‍കാലങ്ങളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു സിബിഐ അന്വേഷണവും ആണവധാതുക്കൾ അടങ്ങിയ മണ്ണ് രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്താൻ എൻഐഎ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണവും ഹർജിയിൽ ആവശ്യപ്പെടുന്നു. തോട്ടപ്പള്ളിയിൽ നടക്കുന്നത് അനധികൃത ഖനനമാണെന്നും ഇത് നിർത്തിവയ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.