ദുരന്തത്തിന്റെ 15–ാം ദിനം ; പോത്തുകല്ലിലും മുണ്ടേരിയിലും ശരീര ഭാഗങ്ങൾ ! ചെളി ഉറച്ചത് തിരച്ചിലിന് തിരിച്ചടി
Mail This Article
കൽപറ്റ ∙ കേരളം കണ്ടതിൽ വച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തം നടന്നിട്ട് 15 ദിവസം. നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചാലിയാർ ഒഴുകിയെത്തുന്ന മലപ്പുറം ജില്ലയിലെ പോത്തുകല്ല്, മുണ്ടേരി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കൂടുതലായി കണ്ടെത്തുന്നത്. അതിൽ പലതും മനുഷ്യന്റേതാണോ എന്നു തിരിച്ചറിയാനാവാത്ത നിലയിലാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ഒരു തലയോട്ടി ഉൾപ്പെടെ കണ്ടെത്തിയിരുന്നു.
അതേസമയം മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെയിലായിരുന്നതിനാൽ ചെളി ഏറെക്കുറെ ഉറച്ചിട്ടുണ്ട്. രണ്ടു ദിവസം ഇവിടെ ജനകീയ തിരച്ചിൽ നടത്തിയിരുന്നു. ഈ ഭാഗങ്ങളിൽ ഇപ്പോൾ നാമമാത്രമായ തിരച്ചിലാണ് നടക്കുന്നത്. സൂചിപ്പാറ, സൺറൈസ് വാലി വനമേഖലയിൽ ഇന്നലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ തിരച്ചിൽ നടത്തി. ഇത്രയും ദിവസത്തിനു ശേഷം ലഭിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാവുമെന്ന് ദൗത്യസംഘത്തിലെ അംഗങ്ങൾ പറയുന്നു. അതിനിടെ, ഡിഎൻഎ പരിശോധനാ ഫലങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് മന്ത്രിമാർ അറിയിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടില്ല.
ഭവനരഹിതരായവർക്ക് ഈ മാസം തന്നെ വാടക വീടുകൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പലർക്കും ഇതിനകം വീടു കണ്ടെത്തി. സ്കൂളുകളിൽ ക്ലാസ് തുടങ്ങേണ്ടതിനാൽ ക്യാംപിലുള്ളവരെ എത്രയും പെട്ടെന്നു മാറ്റാനാണ് ശ്രമം. സഹായമായി ലഭിച്ച സാധനങ്ങളും സ്കൂളുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതും മറ്റിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ സാരമായ പരുക്കില്ലാതിരുന്ന പലരും ആശുപത്രി വിട്ടു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ദുരന്തമേഖല സന്ദർശിച്ചു.