വന്ദേഭാരതിനു വേണ്ടി പാലരുവി പിടിച്ചിടുന്നത് അരമണിക്കൂർ, പരിഹാരം ബഫർ സമയ ക്രമീകരണം
Mail This Article
കൊച്ചി ∙ വന്ദേഭാരതിനു വേണ്ടി പാലരുവി എക്സ്പ്രസ് പിടിച്ചിടുന്ന പ്രശ്നം ഒഴിവാക്കുന്നതിനായി ബഫർ സമയം ഉപയോഗപ്പെടുത്തണമെന്നു നിർദേശം. കൊല്ലത്തും കോട്ടയത്തും മുളന്തുരുത്തിയിലും പാലരുവി എക്സ്പ്രസിനു നൽകിയിരിക്കുന്ന ബഫർ സമയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പിടിച്ചിടുന്ന പ്രശ്നം ഒഴിവാക്കാൻ സാധിക്കുമെന്നു വിദഗ്ധർ പറയുന്നു. യാത്രാദുരിതത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞദിവസം ട്രെയിൻ യാത്രക്കാർ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണു പാലരുവിയുടെ ബഫർ സമയം ക്രമീകരിച്ചു പ്രതിസന്ധിക്കു താൽക്കാലിക പരിഹാരത്തിനുള്ള ആലോചന. കാലുകുത്താൻ ഇടമില്ലാത്ത പാലരുവിയിൽ പുതിയ കോച്ചുകൾ അനുവദിക്കുക, പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും യാത്രക്കാർ ഉയർത്തിയിരുന്നു.
‘‘52 വർഷങ്ങളായി എറണാകുളം ജംക്ഷനിലേക്ക് എത്തിയിരുന്ന വേണാടാണ് യാതൊരു ബദൽമാർഗങ്ങളും ഒരുക്കാതെ യാത്ര നോർത്ത് വരെയാക്കിയത്. ഇതോടെ സൗത്തിലെ ഓഫിസുകളിൽ സമയത്തിന് എത്തേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായി. അതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇന്നും പാലരുവിയിൽ മുളന്തുരുത്തിയിൽ വച്ച് ഒരാൾ കുഴഞ്ഞുവീണു. പിന്നീട് തൃപ്പൂണിത്തുറ എത്തിച്ചാണ് പ്രഥമശുശ്രൂഷ നൽകിയത്’’– യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ എക്സിക്യൂട്ടീവ് അംഗം ശ്രീജിത് കുമാർ പറഞ്ഞു.
മെമുവോ പാസഞ്ചർ ട്രെയിനോ അനുവദിക്കുന്നതിനൊപ്പം വന്ദേഭാരതിനു വേണ്ടി പാലരുവി പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേക്കു മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യങ്ങളിലൊന്ന്. ശ്വാസംവിടാൻ പോലും ഇടമില്ലാതെ തിങ്ങിനിറഞ്ഞിരിക്കുന്ന ട്രെയിനാണ് ചൂടുകാലത്തുപോലും അര മണിക്കൂറോളം മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. പുറത്ത് വെള്ളം വാങ്ങിക്കുടിക്കാൻ കടകള് പോലുമില്ല. എവിടേക്കും പോകാനും മാർഗമില്ല. ഇതിനു പകരം തൃപ്പൂണിത്തുറയിൽ എത്തിച്ചാൽ അവിടെ നിന്ന് മെട്രോയ്ക്കോ ബസിനോ ആളുകൾക്ക് ജോലി സ്ഥലത്തേക്ക് പോകാൻ സാധിക്കുമെന്ന് യാത്രക്കാർ പറയുന്നു.
പാലരുവി തൃപ്പൂണിത്തുറയിൽ എത്തിക്കുന്നതിന് സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സാധ്യമാകുമെന്നു വിദഗ്ധർ പറയുന്നു. 4.18നാണ് പാലരുവി കൊല്ലത്ത് എത്തുന്നത്. 4.50നാണ് അവിടെനിന്ന് പുറപ്പെടാൻ കൊടുത്തിരിക്കുന്ന സമയം. അവിടെ അര മണിക്കൂറോളം ട്രെയിൻ കാത്തുകിടക്കുന്നുണ്ട്. അത് 5 മിനിറ്റ് നേരത്തയാക്കുകയാണ് ഒരു വഴി. അതുപോലെ കോട്ടയത്ത് എത്താൻ നൽകിയിരിക്കുന്ന സമയം 6.55ഉം പുറപ്പെടേണ്ട സമയം 6.58ഉം ആണ്. എന്നാൽ ഒരു വർഷത്തിലേറെയായി പാലരുവി 6.51ന് കോട്ടയത്ത് എത്തുന്നുണ്ട്. അത് 3 മിനിറ്റ് നേരത്തയാക്കിയാൽ ആകെ 8 മിനിറ്റ് ലഭിക്കും. ഈ 8 മിനിറ്റ് മതിയാവും പാലരുവി മുളന്തുരുത്തിയിൽനിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ എത്തിക്കാൻ.
മുളുന്തുരുത്തിയിൽ 7.49–7.50ന് എത്തുന്ന പാലരുവി പുറപ്പെടാൻ നൽകിയിരിക്കുന്ന സമയം 7.52 ആണ്. എന്നാൽ കോട്ടയത്ത് നിന്ന് 3–4 മിനിറ്റ് നേരത്തെ പുറപ്പെട്ടാൽ മുളന്തുരുത്തിയിൽ 7.46ന് എത്താൻ സാധിക്കും. അവിടെനിന്ന് ഉടൻ പുറപ്പെട്ടാൽ 7.55ന് തൃപ്പൂണിത്തുറയിൽ എത്തും. ഈ സമയത്ത് വന്ദേഭാരത് പിറവം കഴിയുന്നതേ ഉണ്ടാവൂ. എന്നാൽ 7.52 വരെ പാലരുവി മുളന്തുരുത്തിയിൽ കാത്തുനിൽക്കുന്ന സമയത്ത് വന്ദേഭാരത് പിറവത്തേക്ക് കടക്കും. അതിനാൽ പിന്നീട് വന്ദേഭാരത് കടന്നുപോയതിനു ശേഷമേ പാലരുവിക്ക് പുറപ്പെടാന് സാധിക്കൂ. അതാണ് ഇപ്പോൾ 20–30 മിനിറ്റോളം മുളന്തുരുത്തിയിൽ പാലരുവി പിടിച്ചിടാൻ കാരണം.
വന്ദേഭാരത് വരുന്നതിനു മുൻപു തന്നെ പാലരുവിക്കും വേണാടിനും ഇടയിൽ ഒരു പാസഞ്ചറോ മെമുവോ അനുവദിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നടപ്പായില്ല. പ്രതിഷേധത്തിനു പിന്നാലെ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ പരാതി സ്വീകരിച്ച റെയിൽവേ അധികൃതർ ഇക്കാര്യത്തിൽ പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.