‘കാഫിർ സ്ക്രീൻഷോട്ട് കിട്ടിയത് റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ ഗ്രൂപ്പുകളിൽനിന്ന്; ഉറവിടം തേടുന്നു’
Mail This Article
കൊച്ചി ∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പ്രചരിച്ച വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ് റിപ്പോർട്ട്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സാപ് ഗ്രൂപ്പുകളിൽ നിന്നാണ് ഇവ പ്രചരിപ്പിച്ചവർക്ക് ലഭിച്ചതെന്നും സ്ക്രീൻഷോട്ടിന്റെ ഉറവിടം ഇപ്പോഴും അന്വേഷിക്കുന്നു എന്നും വടകര എസ്എച്ച്ഒ എൻ.സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസ്‍ പ്രതിയാക്കിയ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ അന്വേഷണ വിവരങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണം പൂർത്തിയാകുന്നതു വരെ ആരാണ് വിവാദ പോസ്റ്റ് സൃഷ്ടിച്ചത് എന്നത് കണ്ടെത്താൻ കഴിയില്ല. പരാതിക്കാരന്‍ മറ്റേതെങ്കിലും സിം ഉപയോഗിച്ച് നിർമിച്ചതാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഇപ്പോഴും അന്വേഷണ പരിധിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ക്രീൻഷോട്ട് പ്രചരിച്ച ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫെയ്സ്ബുക് പേജിന്റെ അഡ്മിന്മാർ മനോഹരന്റെ മകൻ മനീഷ്, ദാസിന്റെ മകൻ സജീവ് എന്നിവരാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഇരുവരെയും കേസിൽ സാക്ഷികളായാണ് ചോദ്യം ചെയ്തത്. മനീഷിനെ ചോദ്യം ചെയ്തതിൽനിന്നും ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സാപ് ഗ്രൂപ്പിൽ നിന്നാണു വ്യാജ പോസ്റ്റ് ലഭിച്ചതെന്നും ഇവിടെ മേയ് 25ന് ഉച്ചയ്ക്ക് 2.34ന് രാമചന്ദ്രന്റെ മകൻ അമൽ എന്നയാളാണ് പോസ്റ്റ് ഇട്ടതെന്നും വ്യക്തമായി.
കേസിലെ സാക്ഷിയായി അമൽ റാമിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ‍് എൻകൗണ്ടർ’ എന്ന വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് തനിക്ക് വ്യാജ പോസ്റ്റ് ലഭിച്ചതെന്നും ഇവിടെ അതേ ദിവസം ഉച്ചയ്ക്ക് 2.13ന് രാമകൃഷ്ണന്റെ മകൻ റിബീഷ് എന്നയാളാണ് പോസ്റ്റ് ഇട്ടത് എന്നും അമൽ മൊഴി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെ പറ്റി പറയാൻ റിബീഷ് തയാറായില്ല. റിബീഷിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു അയച്ചു. ‘പോരാളി ഷാജി’ എന്ന അക്കൗണ്ടിൽനിന്നു വ്യാജ പോസ്റ്റ് നീക്കാനുള്ള നിർദേശം നൽകിയിട്ടും മാറ്റാത്തതിനെ തുടർന്ന് ഫെയ്സ്ബുക്കിനെ കേസിൽ മൂന്നാം പ്രതിയായി ചേർത്തു. നോഡൽ ഓഫിസറായ അശ്വിൻ മധുസൂധനന് സമൻസ് അയച്ച് വിളിച്ചു വരുത്തുന്നതിന് വടകര മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
പോരാളി ഷാജി ഗ്രൂപ്പിന്റെ ഉടമ അബ്ദുവിന്റെ മകൻ വഹാബ് എന്നയാളാണ്. കേസിൽ സാക്ഷിയാക്കിയ വഹാബിനെ ചോദ്യം ചെയ്തപ്പോൾ താൻ മേയ് 25ന് രാത്രി 8.23ന് പോസ്റ്റിട്ടു എന്ന് സമ്മതിച്ചിരുന്നു. അന്നേ ദിവസം ഈ പോസ്റ്റ് ഒട്ടേറെ പേരിൽനിന്ന് വാട്സാപ് വഴി ലഭിച്ചിരുന്നു എന്നു വ്യക്തമാക്കിയ വഹാബ്, എവിടെ നിന്നാണെന്നു വെളിപ്പെടുത്തിയിട്ടില്ല. വഹാബിന്റെ ഫോണും പരിശോധനയ്ക്കായി നൽകി. വാട്‌സാപ്പിലും ഫെയ്സ്ബുക്കിലും സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഒരേ ആളുകളാണെന്നും ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ വടകര പൊലീസ് പറയുന്നു. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നു കാട്ടി പി.കെ.മുഹമ്മദ് ഖാസിം നൽകിയ പരാതിയിലുംകൂടിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.