ADVERTISEMENT

കോട്ടയം∙ വയനാട് ദുരന്തത്തെ തുടർന്നു ലോകസഭാ ഉപതിരഞ്ഞെടുപ്പു നീട്ടിവയ്ക്കുമെന്നു സൂചന. സർക്കാരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും നൽകുന്ന റിപ്പോർട്ട് നിർണായകം. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ പൊതുനിലപാട്. ലോക്സഭാ സീറ്റിൽ ഒഴിവു വന്നാൽ ഉപതിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നടത്തുന്നതാണു പതിവ്. ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് പ്രകാരം ആറു മാസത്തിനുള്ളിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുകൾ നികത്തണമന്നുമുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി മരിച്ച് ഒരു മാസമാകുന്നതിനു മുന്നേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന് ഒരുക്കമാണോയെന്നു സംസ്ഥാന സർക്കാരിനോടും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടും തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിക്കുന്നതാണ് ആദ്യ നടപടി. അതിനാൽ ഇരുവരും നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും തീരുമാനം. 

ദുരന്തത്തിൽ തകർന്ന വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതേയുള്ളു. തിരച്ചിലും തുടരുന്നു. ഈ സമയം തിരഞ്ഞെടുപ്പ് നടത്തിയാൽ എതിർപ്പു വരുമെന്നു രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നു. വയനാട്ടിലെ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും കൃത്യമായി അറിയാം. ജില്ലയിലെ ഉദ്യോഗസ്ഥർ പുനരധിവാസം അടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും ഇതുവരെ റിപ്പോർട്ട് ചോദിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് പറഞ്ഞു. റിപ്പോർട്ട് ആവശ്യപ്പെട്ടാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടിയ ശേഷം മറുപടി നൽകും. 

നിലവിലെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനെ നടത്തരുതെന്നാണു തങ്ങളുടെ നിലപാടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇത്രയും വലിയ മഹാദുരന്തം നടന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് നടത്താൻ പാടില്ല. ഇക്കാര്യത്തിൽ‌ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പിനല്ല, പുനരധിവാസത്തിനാണു മുൻതൂക്കം നൽകേണ്ടത്. പുനരധിവാസം പൂർത്തിയാക്കിയ ശേഷമാകണം തിരഞ്ഞെടുപ്പ്. സിപിഐ അഭിപ്രായം തിര‍ഞ്ഞെടുപ്പ് കമ്മിഷനോട് പറയും. എൽഡിഎഫിന്റെ അഭിപ്രായം ചർച്ചയ്ക്ക് ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സംസ്ഥാത്തൊരു തീരുമാനം എടുക്കാനാകില്ലെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ദേശീയ നേതൃത്വവുമായി ആലോചിക്കണം. എഐസിസി നിർദേശമനുസരിച്ചാകും അഭിപ്രായമെന്നും ഹസൻ പറഞ്ഞു. തീരുമാനം ചർച്ച ചെയ്ത ശേഷം അറിയാക്കാമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 

രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ അമേഠി നിലനിർ‌ത്തി രാഹുൽ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആനി രാജയും കെ.സുരേന്ദ്രനുമായിരുന്നു രാഹുലിന്റെ എതിർസ്ഥാനാർഥികൾ. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് എഐസിസി അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com