അമ്മയും അച്ഛനും ചേച്ചിയും ഓർമ; മോദി ചേർത്തുപിടിച്ച അവന്തിക ആശുപത്രി വിട്ടു
Mail This Article
മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടമായ അവന്തിക ആശുപത്രി വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം സന്ദർശിച്ചത് അവന്തികയെ ആയിരുന്നു. ഏറെ നേരം അവന്തികയ്ക്കൊപ്പം മോദി ചെലവിട്ടിരുന്നു.
അച്ഛന്റെ സഹോദരി പ്രമീളയുടെ കൂടെയാണ് അവന്തിക പോയത്. ഇവരുടെ വീടും ഉരുൾപൊട്ടലിൽ തകർന്നതിനാൽ മുട്ടിലിലെ വാടക വീട്ടിലേക്കാണു മടക്കം. മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെ പ്രശോഭിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് വെള്ളാർമല സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ അവന്തിക. ചേച്ചി അച്ചു വെള്ളാർമല സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി. അമ്മയും അച്ഛനും ചേച്ചിയും ഓർമയായി. അമ്മൂമ്മ ലക്ഷ്മിയും അമ്മായി പ്രമീളയുമാണ് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നത്.
പ്രധാനമന്ത്രി സന്ദർശനത്തിന് എത്തിയപ്പോൾ അവന്തികയെ കണ്ടതിനുശേഷം എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നു പറഞ്ഞിരുന്നു. എല്ലാറ്റിനും ഒപ്പമുണ്ടെന്നും വാക്കുനൽകി. അച്ഛനെയും അമ്മയെയും അവന്തിക ഇടയ്ക്കു ചോദിക്കാറുണ്ടെന്നും പ്രമീള പറഞ്ഞു. ചെളിയിൽ പൂണ്ടുപോയ അവന്തികയെ ആരോ രക്ഷിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റു. കാലിനു ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. 15 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് അവന്തിക തിരികെ മടങ്ങിയിരിക്കുന്നത്.