ADVERTISEMENT

തിരുവനന്തപുരം∙ മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പരാതികളൊന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ഫണ്ട് സ്വരൂപിച്ചവരുമായി പാര്‍ട്ടിക്കു ബന്ധമില്ല. മാനവീയം വീഥിയില്‍ എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത് എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തിൽ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് അറിഞ്ഞാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്നും വി.ജോയി പറഞ്ഞു. 

അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് എന്ന പേരില്‍ ഫണ്ട് പിരിവ് നടത്തിയത്. 2018 ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ധനസമാഹരണത്തോട്  നൂറുകണക്കിന് ആളുകള്‍ സഹകരിച്ചിരുന്നു. ആറര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അഭിമന്യു പഠിച്ച വട്ടവടയിലെ സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും ഫണ്ട് പിരിവ് നടത്തിയ കൂട്ടായ്മയുടെ ഭാരവാഹികള്‍ പ്രതികരിച്ചു. സമാഹരിച്ച തുകയുടെ പലിശയാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പായി നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി.

English Summary:

CPI(M) Denies Involvement in Abhimanyu Martyr Fund Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com