ADVERTISEMENT

ഗുവാഹത്തി∙ കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് ക്യാംപസിൽ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സിൽചർ മെഡിക്കൽ കോളജിന്റെ ഉത്തരവ്. കോളജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ. ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. 

ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് വനിതാ ജീവനക്കാരും വിദ്യാർഥിനികളും പോകരുതെന്ന് ഉത്തരവിൽ പറയുന്നു. മുൻകൂട്ടി വിവരം അറിയിച്ചശേഷമേ അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് ഹോസ്റ്റലിൽനിന്നു പുറത്തു പോകാവൂ എന്നും നിർദേശമുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തെയും കോളജിലേയും നിയമങ്ങൾ കർശനമായി പാലിക്കണം. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനുള്ള എമർജൻസി നമ്പറുകൾ എപ്പോഴും ഫോണിൽ സൂക്ഷിക്കണം. എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ ജൻഡർ ഹരാസ്മെന്റ് കമ്മിറ്റിയുടെ ചെയർമാ​നെയോ അംഗങ്ങളെയോ വിവരമറിയിക്കണം.

ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും കോളജ് പ്രിൻസിപ്പൽ വിശദീകരിച്ചു. കൊൽക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ ആ‍ർ‌ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം. കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നയായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനു പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കണ്ടെത്തി. സംഭവത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തു.

English Summary:

Assam Medical College Restricts Women's Movement at Night After Kolkata Doctor's Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com