ഇന്ത്യയെ സ്വയം പര്യാപ്തരാക്കിയത് കർഷകർ, രാജ്യം ഭരണഘടനാ മൂല്യങ്ങൾ മുറുകെപിടിച്ച് മുന്നേറുന്നു: രാഷ്ട്രപതി
Mail This Article
ന്യൂഡൽഹി∙ രാജ്യം ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 78–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഷ്ട്രപതിയുടെ പ്രസ്താവന.
സ്വാതന്ത്ര്യസമര പോരാട്ടത്തെ ഓർമിപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യസമര പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. വിഭജന സമയത്ത് രാജ്യം ഏറെ പ്രതിസന്ധികൾ അനുഭവിച്ചു. എല്ലാ വിഭാഗം ആളുകളും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി. ഇന്ത്യയെ സ്വയംപര്യാപ്തമാക്കിയത് കർഷകരാണെന്നും രാഷ്ട്രപതി പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും രാജ്യത്തെമ്പാടും ‘നാരീശക്തി’ വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ദ്രൗപദി മുർമു പറഞ്ഞു. ‘‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നിരവധി പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷനും മറ്റ് അവശ്യസാധനങ്ങളും നൽകി. രാജ്യത്ത് ഒരു കോടിയോളം വരുന്ന യുവാക്കൾക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്റേൺഷിപ്പ പദ്ധതികൾ കൊണ്ടുവന്നു.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2021–24 കാലത്തിനിടെ 8 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ കയ്യിൽ പണം കൂടുതൽ വരുന്നതിനു മാത്രമല്ല, മറിച്ച് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിച്ചു. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുള്ള യാത്രയിലാണ്.’’– രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പുതിയ ക്രിമിനൽ നിമയങ്ങൾ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ബഹുമാനസൂചകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.