വനിതാ ഡോക്ടറുടെ കൊലപാതകം: ആശുപത്രി കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ, തെളിവ് നശിപ്പിക്കാൻ ശ്രമം?
Mail This Article
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതർ തെളിവു നശിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സെമിനാർ ഹാളിനു സമീപത്തെ കെട്ടിടത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണു ആരോപണം. ഇതിനെതിരെ ഇടതുസംഘടനകളും ബിജെപിയും രംഗത്തെത്തി. അധികൃതർ തെളിവുകൾ നശിപ്പിക്കാനും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനും ശ്രമിക്കുകയാണെന്നാരോപിച്ചു സിപിഎമ്മിന്റെ യുവജന,വിദ്യാർഥി സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആശുപത്രിയിൽ പ്രതിഷേധിച്ചു.
വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായെന്നു സംശയിക്കുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ഇടത് ആഭിമുഖ്യമുള്ള സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്സിലെ അംഗം ഡോ.സുബർണ ഗോസ്വാമി ദേശീയമാധ്യമത്തോട് പറഞ്ഞു. ‘ഒരാളുടെ ചെയ്തിയല്ല ഇതെന്നു വ്യക്തമാണ്. അവൾ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ട്’– സുബർണ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ സിബിഐ സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ കോടതിയിൽ ഹാജരാക്കി.
ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിനുള്ളിൽ റസിഡന്റ് ഡോക്ടർമാർക്കുള്ള ശൗചാലയമുൾപ്പെടെയുണ്ടായിരുന്ന ഭാഗത്തിന്റെ ഭിത്തിയും മറ്റു ഭാഗങ്ങളുമാണു പുനരുദ്ധാരണത്തിന്റെ പേരിൽ പൊളിക്കുന്നത്. നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ടാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തെ മരണവിവരമറിയിച്ചത്. ഡോക്ടർ ആത്മഹത്യ ചെയ്തെന്നാണു കുടുംബത്തോടു സൂപ്രണ്ട് പറഞ്ഞത്. മകളുടെ മരണത്തിൽ നെഞ്ചുരോഗ വിഭാഗത്തിലെ ആർക്കോ പങ്കുണ്ടെന്നു കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെട്ടിടം പൊളിക്കൽ.