തെരുവിലിറങ്ങാൻ വനിതകൾ, രാത്രി പ്രതിഷേധം; അധികാരം പിടിക്കാനുള്ള ശ്രമമെന്ന് മമത ബാനർജി
Mail This Article
കൊൽക്കത്ത ∙ ആർജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ കൊൽക്കത്തയിലും ബംഗാളിലെ മറ്റ് നഗരങ്ങളും ഇന്ന് രാത്രി വനിതാ പ്രതിഷേധം. പ്രതിഷേധം 11.55ന് ആരംഭിക്കും. പ്രതിഷേധത്തെക്കുറിച്ചും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുമുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കൂടുതൽപേർ പ്രതിഷേധ സമരത്തിന്റെ ഭാഗമാകാൻ തയാറെടുക്കുകയാണ്. ബംഗാളിനു പുറത്തുള്ള സ്ഥലങ്ങളിലും രാത്രി പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ എയിംസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ബംഗ്ലദേശിലെ പോലെ അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ബംഗാളിലും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെയായിരുന്നു മമതയുടെ പരാമർശം.
പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് കൽക്കട്ട ഹൈക്കോടതി സിബിഐക്കു കൈമാറി. കേസ് ഇന്നലെ സിബിഐ ഏറ്റെടുത്തു. രാജിവച്ച കോളജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനോട് അവധിയിൽ പോകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. സിവിക് വൊളന്റിയർ സഞ്ജയ് റോയി എന്നയാളാണ് അറസ്റ്റിലായത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഗൗരവത്തോടെയല്ല മെഡിക്കൽ കോളജ് അധികൃതർ കേസിനെ കണ്ടതെന്നും സംഭവം ഒളിപ്പിച്ചുവയ്ക്കാൻ ശ്രമമുണ്ടായെന്നും ഡോക്ടറുടെ കുടുംബം ആരോപിച്ചു.
മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ അതിക്രൂരമായിട്ടാണ് മുപ്പത്തിയൊന്നുകാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയ്ഡ്പോസ്റ്റിൽ സിവിക് വൊളന്റിയറായ പ്രതിക്ക് എല്ലാ വകുപ്പുകളിലും പ്രവേശനമുണ്ടായിരുന്നു.