ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ രൂപതയുടെ പുതിയ സഹായ മെത്രാൻ
Mail This Article
കണ്ണൂർ∙ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ കുറുപ്പശ്ശേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് 3.30നു വത്തിക്കാനിലും, കണ്ണൂർ രൂപത ആസ്ഥാന മന്ദിരത്തിലും ഒരുമിച്ചാണ് നിയമന വാർത്ത വായിച്ചത്. ‘‘രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് ഈ നിയമനം’’, എന്ന മാർപാപ്പയുടെ രേഖ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല വിശദീകരിച്ചു. രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിലെ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ പ്രവർത്തന പരിചയം കണ്ണൂരിന്റെ വളർച്ചക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കുട്ടിചേർത്തു.
വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്‌തു വരികെയാണ് കണ്ണൂരിൽ സഹായ മെത്രാനായി ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ നിയോഗം. കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശ്ശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനാണ് ഡോ.ഡെന്നിസ്.
ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റുട്ടിൽനിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേർസിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കരസ്ഥമാക്കിയിട്ടുണ്ട്. 1991 ഡിസംബർ 23 ന് കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്തു വിശുദ്ധ കുരിശിന്റെ ഇടവക, പുല്ലൂറ്റു സെന്റ് ആന്റണിസ് എന്നിവിടങ്ങളിൽ പ്രീസ്‌റ്റ് ഇൻ ചാർജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ഠിച്ചു.
കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിന്റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്റ്സ് ലിഗ് രൂപതാ ഡയറക്‌ടറും ആയിരുന്ന ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, 2001 മുതലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്ത്, തായ്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, ആഫ്രിക്കയിലെ ഗാബൊൺ എന്നീ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ യുഎസിലെ വത്തിക്കാൻ എംബസിയിൽ ഫസ്റ്റ് അസിസ്റ്റൻ്റ് ആയിരുന്നു മോൺസിഞ്ഞോർ ഡെന്നിസ്. പുതിയ സഹായ മെത്രാന്റെ മെത്രാഭിഷേക ചടങ്ങുകളുടെ തിയതിയും മറ്റു വിശദാംശങളും രൂപത അധികൃതർ പിന്നീട് തീരുമാനിക്കും.