‘ചേട്ടാ എന്നെ വിട്ടുകൊടുക്കരുതേ’: സ്വർണമുണ്ടെന്നു കരുതി അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; ഉമറിനെ കണ്ടെത്തി
Mail This Article
തിരുവനന്തപുരം∙ വിമാനത്താവളത്തില്‍നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി മുഹമ്മദ് ഉമര്‍ (23) എന്നയാളെയാണ് പൊലീസ് കണ്ടെത്തിയത്. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോര്‍ട്ട്. സര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന് ഉമറിനെ സംഘം വിട്ടയയ്ക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഉമറിനെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു.
ബുധനാഴ്ച രാത്രി രാജ്യാന്തര വിമാനത്താവളത്തിന്റെ ചാക്ക ടെര്‍മിനലിനു സമീപത്തെ റോഡില്‍നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ തമിഴ്നാട് സ്വദേശിയായ ഉമറിനെ കാറുകളില്‍ പിന്തുടര്‍ന്ന സംഘം ഓട്ടോ തടഞ്ഞ് മര്‍ദിച്ചു തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വഞ്ചിയൂര്‍ സ്റ്റേഷനില്‍ അറിയിച്ചതോടെയാണു സംഭവം പുറത്തായത്. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണു സംഭവത്തിനു പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. തട്ടിക്കൊണ്ടുപോയ കാറുകളില്‍ ഒന്ന് വള്ളക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തിയിരുന്നു.
ചാക്കയില്‍നിന്ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്കു പോകുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെ നഗരമധ്യത്തില്‍ തകരപ്പറമ്പ് റോഡിലായിരുന്നു അക്രമം. രണ്ടു കാറുകളിലായി വന്ന അഞ്ചംഗ സംഘം ഓട്ടോഡ്രൈവറെ കീഴ്പ്പെടുത്തി യുവാവിനെ മര്‍ദിച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ വെങ്ങാനൂര്‍ സ്വദേശി വാടകയ്ക്കു നല്കിയതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളായണി സ്വദേശി വാടകയ്ക്ക് എടുത്ത കാര്‍ ബന്ധുവിനു നല്കി. ഇയാള്‍ ഇതു വീണ്ടും മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍ വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്ക് എതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കാര്‍ മുന്നിലിട്ട് ഓട്ടോ തടഞ്ഞശേഷം പുറത്തിറങ്ങിയവര്‍ ഓടിവന്നു യുവാവിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് ഓട്ടോ ഡ്രൈവര്‍ വൈശാഖ് പൊലീസിനോടു പറഞ്ഞു. ‘ചേട്ടാ എന്നെ വിട്ടുകൊടുക്കരുതെ’ന്ന് അവന് നിലവിളിച്ചു. തടയാന്‍ നോക്കിയപ്പോള്‍ എന്റെ കൈപിടിച്ചു തിരിച്ചു. അവനെ പിടിച്ചുവലിച്ച് കൊണ്ടുപോയി. ഉടനെ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. തിരുനെല്വേലിയിലേക്കു പോകണമെന്നും നാഗര്‍കോവിലിലേക്കു ബസ് കിട്ടുന്ന സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും പറഞ്ഞാണ് ഓട്ടോയില്‍ കയറിയത്. മലയാളവും തമിഴും സംസാരിച്ചിരുന്നു. കയ്യില്‍ ബാഗോ മറ്റു സാധനങ്ങളോ ഉണ്ടായിരുന്നില്ല’’ – വൈശാഖ് പറഞ്ഞു.
വിദേശത്തുനിന്ന് എത്തിയ ഒരാളില്‍നിന്നു സ്വര്‍ണം വാങ്ങി തമിഴ്നാട്ടില്‍ എത്തിക്കുകയായിരുന്നു മുഹമ്മദ് ഉമറിന്റെ ലക്ഷ്യമെന്നാണു കരുതുന്നത്. എന്നാല്‍ സ്വര്‍ണം കൊണ്ടുവന്ന ആളിനെ കസ്റ്റംസ് പിടികൂടി. നികുതി അടച്ചശേഷമാണ് സ്വര്‍ണം വിമാനത്താവളത്തിനു പുറത്തു കൊണ്ടുവന്നത്. ഈ സ്വര്‍ണം ഉമറിനു കൈമാറിയിരുന്നില്ല. തുടര്‍ന്ന് ഉമര്‍ വിമാനത്താവളത്തിനു പുറത്തെത്തി ഓട്ടോയില്‍ പോകുമ്പോഴാണു സ്വര്‍ണം പൊട്ടിക്കല്‍ സംഘം കാറിലെത്തി ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണു പൊലീസ് കരുതുന്നത്. സ്വര്‍ണം ഉമറിന്റെ കൈയിലുണ്ടെന്നായിരുന്നു സംഘം കരുതിയത്. എന്നാല്‍ സ്വര്‍ണം ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ ഉമറിനെ വഴിയില്‍ ഇറക്കിവിട്ടശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. വലിയതുറ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണു പൊലീസ്.