ചരിത്രമാകുന്ന സ്വകാര്യങ്ങൾ; 1947ലെ രാജ്യത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ഡയറിക്കുറിപ്പ്
Mail This Article
പ്രജയിൽനിന്നു പൗരനിലേക്കുള്ള മാറ്റത്തിന്റെ പുലരി. പുതിയ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ കൊടിപാറിച്ചുനിന്ന ആകാശം. 1947ലെ ആ സുദിനം സാധാരണക്കാരുടെ മനസ്സിൽ സൃഷ്ടിച്ച തിരയിളക്കം തൊട്ടറിയാൻ ഒരു ഡയറിക്കുറിപ്പുപോലും ഇല്ലെന്നു പറയാൻ വരട്ടെ. കോട്ടയം കാനം പറപ്പള്ളിൽതാഴെ യാക്കോബ് കത്തനാരുടെ ഡയറിക്കുറിപ്പുകൾ ആ കുറവു നികത്തുന്നു. ചരിത്രമാകുന്ന സ്വകാര്യങ്ങൾ സൂക്ഷിച്ചുവച്ച് പ്രസിദ്ധീകരിച്ചതു മകൻ ഐസക് പി. ജേക്കബ് ആണ്.
‘‘15–8–1947, വെള്ളി (ഓഗസ്റ്റ് 15). അതായത് കഴിഞ്ഞ രാത്രി 12 മണിക്ക് ബ്രിട്ടിഷ് ഗവൺമെന്റ് ഇന്ത്യക്കാർക്കു സ്വാതന്ത്ര്യം കൊടുത്തു. അതിന്റെ സന്തോഷം ഇന്ത്യ ഒട്ടുക്ക് ആഘോഷിക്കപ്പെടുന്നു. ഇന്നലെ കവലയിൽ വച്ച് അക്കമ്മ ചെറിയാന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ മീറ്റിങ്ങും കുട്ടികൾക്കു പായസവും കൊടുത്തു’’– 77 വർഷങ്ങൾക്കു മുൻപ് ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയ ദിവസം എഴുതിയ ഈ ഡയറിക്കുറിപ്പിൽ എല്ലാമുണ്ട്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സ്വാതന്ത്ര്യം കിട്ടി 6 ദിവസം കഴിഞ്ഞ് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഉദ്യോഗം രാജിവച്ച് പോയി. നിരോധിച്ചിരുന്ന പൗരപ്രഭയും പൗരധ്വനിയും പിറ്റേന്നു മുതൽ പുറപ്പെട്ടു തുടങ്ങി. ഓഗസ്റ്റ് 29ന് തിരുവോണം കൂടി എത്തിയത് കേരളീയ മനസ്സുകളിൽ ആഹ്ലാദം ഇരട്ടിപ്പിച്ചു. സ്വാതന്ത്യം കിട്ടുന്നതിനു രണ്ടാഴ്ച മുൻപ് ജൂലൈ 31നാണ് ഇന്ത്യൻ യൂണിയനിൽ ചേരുവാൻ തിരുവിതാംകൂർ തീരുമാനിക്കുന്നത്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കയും ചെയ്തു’’ – ഡയറിക്കുറിപ്പിൽ പറയുന്നു. സ്വാതന്ത്ര്യദിന പുലരിയിലേക്കു നയിച്ച അക്കാലത്തെ സംഭവങ്ങളുടെ നാൾവഴി അറിയാൻ ഡയറിക്കുറിപ്പുകളിലൂടെ കണ്ണോടിച്ചാൽ മതി.
രണ്ടാം ലോക മഹായുദ്ധത്തെ മലയാളി കണ്ടത് ഇങ്ങനെ
സ്വാതന്ത്ര്യലബ്ധിയിലേക്കു നടന്നടുക്കുന്നതിനു രണ്ടാം ലോകമഹായുദ്ധവും ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ 1945ലെ വിജയവും വഴിതെളിച്ചോ എന്ന സംശയം ഡയറിയിൽ ഉന്നയിക്കുന്നുണ്ട്. ആ സംഭവങ്ങൾ ഡയറിക്കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
9–5–1945 : ജർമനി ഐക്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ഹിറ്റ്‌ലർ, മുസോളിനി മുതൽപ്പേർ മരിച്ചിരിക്കുന്നു.
16–5–1945 : ജർമനി കീഴടങ്ങിയതു സംബന്ധിച്ചുള്ള വിയയോഘോഷം നാടൊട്ടുക്ക് കൊണ്ടാടുന്നു.
22–5–1945 : ചർച്ചിൽ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി പദം രാജിവച്ചിരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പ് ഉടനെ നടത്തുന്നതാണ്.
21–6–1945 : ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് സർ ആർച്ചിബാൾഡ് വേവർ (വൈസ്രോയി) ഒരു പദ്ധതി പ്രസിദ്ധപ്പെടുത്തി. എല്ലാ കൂട്ടരെയും ആലോചനയ്ക്ക് ക്ഷണിച്ചിരിക്കുന്നു.
16–7–45 : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള വേവൽ പദ്ധതി ജിന്നായുടെ എതിർപ്പുമൂലം അലസിയിരിക്കുന്നു.
26–7–1945 : ഇംഗ്ലണ്ടിലെ പുതിയ തിരഞ്ഞെടുപ്പിൽ യാഥാസ്ഥികൻമാരായ ചർച്ചിലും കൂട്ടരും തോൽക്കുകയും ലേബർ പാർട്ടി ബഹുഭൂരിപക്ഷത്തോടു കൂടി ജയിക്കുകയും ചെയ്കയാൽ മേജർ ആറ്റ്‌ലി പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപീകരിക്കുകയും ത്രിമൂർത്തി സമ്മേളനത്തിൽ ജർമനിയിൽ പോയി സംബന്ധിക്കയും ചെയ്തിരിക്കുന്നു.
15–8–1945 : ജപ്പാൻ ഐക്യകക്ഷികൾക്കു നിരുപാധികം കീഴടങ്ങി. യുദ്ധം നിർത്തിവച്ചിരിക്കുന്നു.
22–8–1945 : ഇന്ന് ഓണം ആകുന്നു. പരമാണു ബോംബിന്റെ പ്രയോഗവും റഷ്യ യുദ്ധത്തിൽ ചേർന്നതുമാണ് ഉടനടി ജപ്പാൻ കീഴടക്കത്തിനു കാരണം.
സ്വാതന്ത്ര്യത്തിന് ഒരു വർഷം മുൻപ്
21–3–1946 : കൊച്ചി രാജാവിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് ഇന്ന് ഒഴിവു ദിവസമാകുന്നു.
26–8–1946 : ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ് രൂപീകരണം സംബന്ധിച്ചുള്ള വൈസ്രോയിയുടെ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായിരിക്കുന്നു. മുസ്‌ലിം ലീഗുകാർ സഹകരിച്ചില്ല. കോൺഗ്രസാണ് സഹകരിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയാണ് വൈസ്രോയി ചുമതലപ്പെടുത്തിയിരിക്കുന്നത്. കൽക്കട്ടായിൽ ഭയങ്കര ലഹളകൾ നടത്തിയിരിക്കുന്നു. ഏഴായിരം മരിക്കുകയും ഇരുപതിനായിരം മുറിവേൽക്കുകയും ചെയ്തിരിക്കുന്നു.
2–9–1946: ഇന്നു നെഹ്റു ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു.
30–10–1946 : ആലപ്പുഴ, ചേർത്തല, മുതലായ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങളും പണിമുടക്കും അവസാനിപ്പിക്കുന്നതിന് പട്ടാളനിയമം നടപ്പാക്കയും ഇരുകൂട്ടരും അനേകം മരണത്തിന് ഇടയാക്കയും ചെയ്തെങ്കിലും ഇപ്പോൾ ശാന്തമായി വരുന്നു.
6–12–1946 : ദിവാൻ സി.പി. രാമസ്വാമി അയ്യർ ദിവാൻ പദം രാജി വച്ചിരിക്കുന്നതായി ഇന്നു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
4–6–1947: തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി ബ്രിട്ടിഷുകാരുടെ തിരോധാനത്തിനുശേഷം പ്രഖ്യാപനം ചെയ്യുമെന്നും ഇന്ത്യൻ യൂണിയനിൽ ചേരുകയില്ലെന്നും ഐക്യകേരള പ്രസ്ഥാനത്തിൽ സംബന്ധിക്കയില്ലെന്നും ദിവാൻ സി.പി. രാമസ്വാമിയും അത് ഒരിക്കലും പാടില്ലെന്നും ഇവ എല്ലാം ആവശ്യമാണെന്ന് സ്റ്റേറ്റ് കോൺഗ്രസും പ്രഖ്യാപനം ചെയ്തു. രാജ്യമാകെ കോൺഗ്രസ് പ്രചരണ പ്രസംഗങ്ങൾ നടത്തിവരുന്നു. പട്ടം, ടി.എം.വർഗീസ്, മന്നം മുതലായവർ. മന്നത്തു പത്മനാഭ പിള്ള എൻഎസ്എസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോൺഗ്രസ് പ്രചരണം നടത്തുന്നു.
7–6–1947 : വൈസ്രോയി മൗണ്ട് ബാറ്റൻ പ്രഭുവിന്റെ നിർദേശ പ്രകാരം ഇന്ത്യയെ ഭാഗിച്ച് സ്വാതന്ത്യം കൊടുക്കുവാൻ നിർദേശിച്ചത് കക്ഷികൾ സ്വീകരിച്ചിരിക്കുന്നു.
14–7–1947 : തിരുവനന്തപുരത്ത് കോൺഗ്രസ് യോഗത്തിൽ വെടിവയ്പ്പും ലാത്തി ചാർജും നടന്നു. പലരും മരിച്ചു. സ്കൂളുളും കോളജുകളും കുട്ടികളുടെ ബഹളത്താൽ അടച്ചു.
26–7–1947 : ദിവാൻ സി. പി. രാമസ്വാമിയെ തിരുവനന്തപുരത്ത് വച്ച് ആരോ വടിവാളിനു വെട്ടി മുഖത്ത് 4 മുറിവ് ഏൽപ്പിച്ചിരിക്കുന്നു.
28–7–1947 : സി. പി. സുഖം പ്രാപിച്ചു വരുന്നു. എല്ലാ പ്രധാന കോൺഗ്രസുകാരെയും ഒന്നടങ്കം അറസ്റ്റ് ചെയ്തിരിക്കുന്നു.
31–7–1947 : തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുവാൻ നിശ്ചയിക്കുകയും രാഷ്ട്രീയ തടവുകാരെ വിട്ടയക്കയും ചെയ്തു.
1–8–1947 : ഇന്നു തിരുവിതാംകൂർ ദിനമായി എല്ലായിടത്തും ആചരിച്ചു.
4–8–1947 : പൗരപ്രഭയുടെ (പത്രം) പ്രസിദ്ധീകരണം ഗവൺമെന്റിൽ നിന്നും തടഞ്ഞിരിക്കുന്നു.
10–8–1947 : ദേശസേവക സന്നദ്ധ സംഘം എന്ന പേരിൽ ഒരു സംഘം റജിസ്റ്റർ ചെയ്തതിൽ ഞാനും ഒരംഗമായി. റോഡു നന്നാക്കുക മുതലായി പൊതുകാര്യങ്ങൾ അതു മുഖാന്തരം നടത്തുന്നു.
11–8–1947: രാഷ്ട്രീയ അന്തരീക്ഷം ശാന്തമായി വരുന്നു. നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നു.
12–8–1947 : സി. പി. സുഖം പ്രാപിച്ചു വരുന്നു.
15–8–1947 : സ്വാതന്ത്യദിനം (തുടക്കത്തിലെ കുറിപ്പ്)
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം റിപ്പബ്ലിക് ആകുന്ന കാലം വരെ
21–8–1947 ദിവാൻ സി.പി. രാമസ്വാമി അയ്യർ ഉദ്യോഗം രാജിവച്ച് പോയി.
22–8–2947: നിരോധിച്ചിരുന്ന പൗരപ്രഭയും ധ്വനിയും ഇന്നു മുതൽ പുറപ്പെട്ടു തുടങ്ങി.
29–8–1947: ഓണം ഇന്നായിരുന്നു. സ്റ്റേറ്റ് കോൺഗ്രസുകാരുമായി ഗവൺമെന്റ് ഒത്തുതീർപ്പിനു ശ്രമിക്കുന്നു. പട്ടവുമായി ആലോചന നടന്നുകൊണ്ടിരിക്കുന്നു.
14–9–1947: ഉത്തരവാദ ഭരണം കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം അനുവദിച്ച് വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
9–10–1947 : ദേവികുളത്തെ ഗോതമ്പു കൃഷിയിൽ ഉണ്ടായിരിക്കുന്ന സുഖക്കേട് പരിശോധിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിൽനിന്നു കുഞ്ഞൂഞ്ഞിനെ (ലോക പ്രശസ്തനായ വെട്ടുക്കിളി ശാസ്ത്രജ്ഞനായിരുന്ന പി.എം. തോമസ്) അയച്ചിരിക്കുന്നു. കത്തനാരുടെ സഹോദരനായിരുന്നു തോമസ്.
23–10–1947: ഈ മാസം ഒന്നുമുതൽ ആരംഭിച്ച സ്വതന്ത്രകാഹളം ഇന്നു മുതൽ അയച്ചു തന്നു.
29–11–1947: മലയാള മനോരമ ഒൻപതു വർഷത്തിനു ശേഷം പുറപ്പെട്ടിരിക്കുന്നു.
10–12–1947 : ഇന്ന് കോട്ടയത്തിനു പോയി എൻജിനീയറെ കണ്ട് വഴിക്കാര്യം പറഞ്ഞു. ഇടനെ ഓർഡർ അയക്കാമെന്നും പറഞ്ഞു.
30–1–1948 : ഇന്ന് അഞ്ചര മണിക്ക് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നു. പ്രാർഥനായോഗത്തിലേക്ക് പോകുമ്പോൾ അടുത്തു നിന്നുകൊണ്ടാണ് വെടിവച്ചത്.
2–2–1948 : ശനിയാഴ്ച മഹാത്മാ ഗാന്ധിജിയുടെ ശരീരം ദഹിപ്പിച്ചു. ലോകം മുഴുവൻ തന്നെ അതെപ്പറ്റി ദുഖിക്കുന്നു.
8–2–1948 : ഗാന്ധിജിയെപ്പറ്റി സാർവത്രികമായി അനുശോചനം നടക്കുന്നു.
12–2–1948 : ഇന്ന് മഹാത്മാ ഗാന്ധിജിയുടെ ചിതാഭസ്മം എല്ലാ പുണ്യ ജലങ്ങളിലും നിർമാർജന കർമം നടത്തി.
19–2–1948 : ഇപ്പോൾ ലോകത്ത് ജീവിച്ചിരിക്കുന്നതിലേക്കും വലിയ മഹാനാണ് മഹാത്മാഗാന്ധി എന്നു വന്നിരിക്കുന്നു. ഇത്ര ആഡംബര പൂർണമായ ഒരു ശവദാഹ യാത്ര മുതലായവ ഒരുത്തർക്കും ലഭിച്ചിട്ടില്ല.
20–3–1948 : തിരുവിതാംകൂറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവർ കൂടി ഇന്ന് ആദ്യമായി സമ്മേളിച്ചു. ഇടക്കാല ഗവൺമെന്റിൽ പട്ടം താണുപിള്ള, ടി. എം. വർഗീസ്, സി. കേശവൻ, ഇവർ മന്ത്രിമാരായും എ. ജെ. ജോണിനെ അസംബ്ലി പ്രസിഡന്റായും തിരഞ്ഞെടുത്തു.
13–5–1948: തിരുവിതാംകൂറിന്റെ സാമ്പത്തിക സ്ഥിതി സി. പി. ഭരണം മൂലം അധപതിച്ചിരിക്കുന്നു എന്ന് വെളിപ്പെട്ടിരിക്കുന്നു.
20–5–1948 : തിരുവിതാംകൂർ മന്ത്രി സഭയിൽ ഭിന്നത ഉള്ളതായി കേൾക്കുന്നു.
21–5–1948 : വിദ്യാഭ്യാസ പ്രശ്നത്തിനു ശരിയായ തീരുമാനം ഉണ്ടായില്ല. പുതിട പാഠ്യസിസ്റ്റം മാറ്റുന്നതായി കേൾക്കുന്നു.
22–5–1948 : അഞ്ചാനിക്കു വെട്ടിയ പുതിയ വഴി പോയി കണ്ടു. വളരെ ഗുണകരം.
1–7–1948: ഹൈദരാബാദ് നൈസാമും ഇന്ത്യൻ യൂണിയനുമായി പിണങ്ങി പിരിഞ്ഞു. ഇനി സൈനിക പ്രവർത്തനമാണ് ശേഷിച്ചിട്ടുള്ളതെന്ന് നെഹ്റു പറഞ്ഞു.
3–7–1948 : ഇന്ത്യയിലെ അവസാന വൈസ്രോയിയും ആദ്യ ഗവർണർ ജനറലുമായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു തന്റെ ഉദ്യോഗം കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നു. പകരം ഗവർണർ ജനറലായി സി. രാജഗോപാലാചാരിയാണ് ചാർജ് എടുത്തിരിക്കുന്നത്.
10–7–1948 : കൊച്ചി രാജാവ് തിരുമനസ്സുകൊണ്ട് ഇന്നലെ നാടുനീങ്ങിയിരിക്കുന്നു.
14–7–1948 : പട്ടം മന്ത്രി സഭ പിണങ്ങിപിരിഞ്ഞു. സി. കേശവനും ടി.എം വർഗീസും രാജിവച്ചു. അച്ചുതൻ, നടരാജപിള്ള, കെ. എം. കോര, രാമചന്ദ്രൻ ഇവർ മന്ത്രിമാരായി ചാർജ് എടുത്തു.
3–8–1948 : തിരുവിതാംകൂർ ജനകീയ ഗവൺമെന്റിന്റെ ആദ്യത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചിരിക്കുന്നു.
16–8–1948 : ഓഗസ്റ്റ് 15 ഇന്ത്യ ഒട്ടുക്ക് ആചരിച്ചു. കഴിഞ്ഞ ഞായറാഴ്ച സ്വതന്ത്ര ഇന്ത്യ വിശേഷാൽ പ്രതി ഉണ്ടായിരുന്നു.
18–8–1948: തിരുവിതാംകൂറിൽ തെക്കേ അറ്റം മുതൽ ആറു താലൂക്കുകളിൽ മദ്യനിരോധനം പ്രഖ്യാപനം ചെയ്തിരിക്കുന്നു. ഇത് ഉദ്ഘാടനം ചെയ്തത് മദ്രാസ് പ്രധാനമന്ത്രി ഓമണ്ഡൂർ രാമസ്വാമി റെഢ്യാർ ആയിരുന്നു.
21–8–1948: കൊച്ചിയിൽ ഇന്നലെ പുതിയ മഹാരാജാവിനെ വാഴിച്ചു. (പരിഷത്തു തമ്പുരാൻ).
24–8–1948: ആദ്യ നാട്ടുകാരനായ ഗവർണർ ജനറൽ രാജപോലാചാരി കൊച്ചി രാജാവിന്റെ സ്ഥാനാരോഹണത്തിൽ സംബന്ധിക്കയും തിരുവനന്തപുരത്ത് എൻഎസ്എസിന്റെ ഗാന്ധി സ്മാരക കോളജിന് കല്ലിട്ടു.
15–9–1948: പാക്കിസ്ഥാൻ രാജ്യത്തിന്റെ സ്ഥാപകനും ആദ്യഗവർണർ ജനറലുമായ ജിന്നാ 71–ാമത്തെ വയസ്സിൽ മരിച്ചു. (ജിന്നയുടെ മരണം 11–ാം തീയതിയായിരുന്നുവെങ്കിലും നാലു ദിവസം കഴിഞ്ഞാണ് ഡയറിയിൽ ഇടം പിടിച്ചത്)
16–9–1948: ചിങ്ങം 28 തിങ്കളാഴ്ച ഇന്ത്യൻ സൈന്യം ഹൈദരാബാദിൽ പ്രവേശിച്ച് 30 മൈൽ പുരോഗമിച്ചു.
17–9–1948: ഹൈദരാബാദിൽ കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യ തുടങ്ങിയ യുദ്ധം ഇന്നലെ അവസാനിച്ചു. നൈസാം കീഴടങ്ങി. സൈന്യം സെക്കന്തരാബാദിൽ പ്രവേശിച്ചു.
29–9–1948: 32 കൊല്ലം മുൻപ് മരിക്കയും 38 കൊല്ലം മുൻപ് നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ട രാജ്യാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭൗതിക അവശിഷ്ടം തിരുവിതാംകൂറിൽ കൊണ്ടുവന്നു സ്ഥാപിച്ചു.
8–10–1948: ഇന്നു കോൺഗ്രസിന്റെ എഐസിസി കൂടി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പട്ടം താണുപിള്ള രാജിവയ്ക്കണമെന്നുള്ള പ്രമേയം പാസാക്കുകയാൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. കോൺഗ്രസ് പാർട്ടി മീറ്റിങ്ങിൽ നിലവിലുള്ള പട്ടം മന്ത്രിസഭയുടെമേൽ അവിശ്വാസ പ്രമേയം പാസാക്കുകയാൽ മന്ത്രിസഭ രാജിവച്ചിരിക്കുന്നു.
25–10–1948 : ടി. കെ. നാരായണപിള്ളയുടെ പുതിയ മന്ത്രിസഭ ചാർജ് എടുത്തിരിക്കുന്നു. പുതിയ മന്ത്രിമാർ: ടി.കെ നാരായണ പിള്ള, കെ.ആർ. ഇലങ്കത്ത്, എ.ജെ. ജോൺ, വി.ഒ മർക്കോസ്, എൻ. കുഞ്ഞുരാമൻ, ഇ.കെ മാധവൻ. സി. കേശവനെ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
27–10–1948: അംസംബ്ലി പ്രസിഡന്റ് ആർ.വി. തോമസ് തുണി വീണ്ടും റേഷനാക്കി തീർത്തിരിക്കുന്നു. കാർഡിൻ പ്രകാരം കൊടുക്കുന്നതിനു ക്രമപ്പെടുത്തുന്നു.
28–10–1948: പുതിയ മന്ത്രിമാരെ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചു വരുകയാൽ സത്യപ്രതിജ്ഞ നടത്തി ജോലിയിൽ പ്രവേശിച്ചിരിക്കുന്നു.
5–3–1949: വി. പി. മേനോൻ തിരുവിതാംകൂർ സംയോജനത്തെപ്പറ്റി ആലോചിക്കാൻ ഇന്ന് തിരുവനന്തപുരത്ത് വന്നിരിക്കുന്നു.
1–7–1949: തിരുവിതാംകൂറും കൊച്ചിയും ഒരു യൂണിയനായി ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നു. പബ്ലിക് ഒഴിവ് ദിവസമായിരുന്നു. പ്രധാനമന്ത്രി ടി.കെ. നാരായണ പിള്ള ഉൾപ്പെടെ 7 മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യുകയും പിറ്റേ ദിവസം ഡോ. മാധവനെ രാജിവയ്പ്പിച്ചു മിസ് മസ്ക്രീനും ജോൺ ഫിലിപ്പോസ്, കുഞ്ഞുരാമൻ ഇവരെ കൂടുതലായി ചേർത്ത് എണ്ണം 9 ആക്കി.
മന്ത്രിമാർ പറവൂർ ടി. കെ നാരായണപിള്ള (പ്രധാനമന്ത്രി), എ.ജെ. ജോൺ, മിസ് ആനി മസ്ക്രീൻ, ഇ. ജോൺ ഫിലിപ്പോസ്, എൻ. കുഞ്ഞുരാമൻ, അബ്ദുള്ള, ഇക്കണ്ട വാര്യർ (കൊച്ചി), പനമ്പള്ളി ഗോവിന്ദ മേനോൻ, അയ്യപ്പൻ എന്നിവരും ടി.എം. വർഗീസ് നിയമസഭാ പ്രസിഡന്റുമാകുന്നു. ചിത്തിരതിരുനാൾ മഹാരാജാവ് യൂണിയന്റെ ആജീവനാന്ത രാജപ്രമുഖൻ ആകുന്നു. ഹൈക്കോടതിയും ലോ കോളജും എറണാകുളത്തേക്ക് മാറ്റി.
15–8–1949 : ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യദിനമാകുന്നു. ഇന്ത്യ മുഴുവൻ ആഘോഷിക്കുന്നു.
16–11–1949: നാഥുറാം ഗോഡ്സെ, നാരായൺ ആപ്തേ എന്നിവരെ ഇന്നലെ അംബാല ജയിലിൽ വച്ച് തൂക്കിക്കൊന്നിരിക്കുന്നു.
31–12–1949 : ശൂരനാട്ടു വച്ച് അടൂർ പൊലീസ് ഇൻസ്പെക്ടറെയും മൂന്നു പൊലീസുകാരെയും നിർദയം കൊലപ്പെടുത്തിയിരിക്കുന്നു.
26–1–1950 : ഇന്ന് ഇന്ത്യ ഒരു റിപബ്ലിക്കായി പ്രഖ്യാപിക്കുകയും അതിനായി തയാറാക്കിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. ബാബുരാജേന്ദ്ര പ്രസാദ് ആദ്യത്തെ പ്രസിഡന്റായി ചാർജെടുത്തു. രാജഗോപാലാചാരി ഗവർണർ ജനറൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചു.
തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ചു ചേർത്ത് 1949 ജൂലൈ ഒന്നിനു നിലവിൽ വന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപീകരിച്ചിട്ട് ഈ സ്വാതന്ത്ര്യദിനത്തിൽ 75 വർഷവും ഒന്നര മാസവും തികയുന്നു എന്ന കൗതുകവുമുണ്ട്. ഇന്ത്യൻ യൂണിയൻ രൂപീകരിക്കാൻ ഉരുക്കുകൈകളുമായിനിന്ന സർദാർ വല്ലഭായി പട്ടേലിന്റെ വലംകൈ ആയിരുന്നത് ഒറ്റപ്പാലം സ്വദേശി വി. പി. മേനോൻ എന്ന റിഫോംസ് കമ്മിഷണർ ആയിരുന്നു എന്നത് പുതിയ തലമുറകൾക്ക് അറിയില്ല. മൗണ്ട് ബാറ്റണിന്റെ നിർദേശപ്രകാരം ഇന്ത്യൻ യൂണിയൻ ലയനത്തിന് ജോഡ്പൂര് രാജാവിനെക്കൊണ്ട് ഒപ്പിടുവിക്കാൻ ചെന്ന മേനോൻ കടന്നുപോയത് ജീവൻ പോകുന്ന അനുഭവത്തിലൂടെയായിരുന്നു. ഒപ്പിട്ടശേഷം മഷിപ്പേനയുടെ മുകൾ ഭാഗത്തെ ക്യാപ്പ് എടുത്ത രാജാവ് പേന മേനോന്റെ തലയ്ക്കുനേരെ പിടിച്ചു. പേടിച്ചിട്ടല്ല ഒപ്പിടുന്നത് എന്ന് ആക്രോശിച്ചു. പേനയുടെ രൂപത്തിലുള്ള 0.222 പിസ്റ്റൾ ആയിരുന്നു അത്. ചരിത്രം വിസ്മൃതിയുടെ ആഴങ്ങളിലേക്കു തള്ളിയ ഇത്തരം ചില സംഭവങ്ങളെപ്പറ്റിയുള്ള സൂചനകളും ഡയറിക്കുറിപ്പുകളിൽ കാണാം.