‘അക്രമം തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച, സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടണം’
Mail This Article
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കൽക്കട്ട ഹൈക്കോടതി. ചികിത്സാമേഖലയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൂടെയെന്നും കോടതി ചോദിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമങ്ങൾ സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോട് കോടതി നിർദേശിച്ചു. ഡോക്ടർ പീഡനത്തിനിരയായ സെമിനാർ മുറിയുടെ സുരക്ഷ സംബന്ധിച്ച ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കണം. പ്രതിഷേധക്കാർ മുറി തകർത്തതായി പെൺകുട്ടിയുടെ രക്ഷിതാക്കൾ കോടതിയെ അറിയിച്ചിരുന്നു. ബലാൽസംഗം നടന്ന കെട്ടിടത്തിൽ തിടുക്കപ്പെട്ട് അറ്റകുറ്റപ്പണികൾ നടത്തിയതിനെയും കോടതി വിമർശിച്ചു.
പിജി ഡോക്ടർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. ഏഴായിരത്തോളം പ്രതിഷേധക്കാരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 15 പൊലീസുകാർക്ക് പരുക്കേറ്റു. ആശുപത്രി കെട്ടിടത്തിനു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നു. അക്രമത്തിലേക്ക് നയിക്കാവുന്ന വിഷയത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് എന്തിനാണ് അനുമതി കൊടുത്തതെന്നും കോടതി ചോദിച്ചു.
‘‘പൊലീസിന് രഹസ്യാന്വേഷണ വിഭാഗമുണ്ട്. 7000 പേരാണ് തടിച്ചു കൂടിയത്. പ്രതിഷേധം നടക്കാൻ പോകുന്നത് പൊലീസ് അറിഞ്ഞില്ലെന്നു വിശ്വസിക്കാനാകില്ല.’’–കോടതി നിരീക്ഷിച്ചു. 7000 പേർ തടിച്ചു കൂടുന്നത് അറിഞ്ഞില്ലെങ്കിൽ അത് പൊലീസ് സംവിധാനത്തിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു. പ്രകടനങ്ങൾ നിരോധിക്കാനുള്ള നിയമം ഉപയോഗിക്കണമായിരുന്നു . സഹപ്രവർത്തകരുടെ സുരക്ഷപോലും പൊലീസിന് ഉറപ്പാക്കാനായില്ല. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം ശക്തമാക്കണം. ഡോക്ടർമാർക്കും ജീവനക്കാർക്കും ഭയംകൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രകടനത്തിന് അനുമതി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.