ADVERTISEMENT

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട് ‌∙ കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും.

അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു. 

കാഷ്വൽറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ മാത്രമാണുണ്ടായത്. ഇതോടെ രോഗികളുടെ വലിയ നിരയാണ് പരിശോധനയ്ക്കായി കാത്തുനിന്നത്.

കൊച്ചിയിൽ ജനറൽ ആശുപത്രിയുടെ പ്രവർത്തനം വലിയ തോതിൽ തടസ്സപ്പെടുത്താതെ ആയിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. എറണാകുളം ജനറൽ ആശുപത്രിക്കുള്ളിൽ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ഒപിയുടേയും മറ്റ് വിഭാഗങ്ങളുടെയോ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ 10 മിനിറ്റു കൊണ്ട് പ്രതിഷേധം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com