3 പെൺമക്കളുടെ ആശ്രയം; നിസ്സഹായരായി ഷിരൂരിൽ കാണാതായ ജഗന്നാഥയുടെ കുടുംബം, സർക്കാർ സഹായമില്ല
Mail This Article
ഷിരൂർ∙ അർജുനൊപ്പം മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥയുടെ മൃതദേഹം കണ്ടെത്താൻ കർണാടക സർക്കാരിന്റെ ഒരു സഹായവും ലഭിച്ചില്ലെന്നു കുടുംബം. ബന്ധുവായ ലക്ഷ്മണയുടെ ചായക്കടയിലായിരുന്നു ജഗന്നാഥയുടെ ജോലി. 300 രൂപയായിരുന്നു ദിവസക്കൂലി. 3 പെൺമക്കളാണു ജഗന്നാഥയ്ക്ക്.
അപകടം നടന്ന ദിവസം രാവിലെ 8.50നാണു മണ്ണിടിച്ചിലിനെ സംബന്ധിച്ചു വിവരം ലഭിക്കുന്നതെന്നു കുടുംബം പറഞ്ഞു. അപകട സ്ഥലത്തെത്തിയപ്പോൾ മണ്ണു മാത്രമാണു കണ്ടത്. രക്ഷാപ്രവർത്തനം നടക്കുന്നു എന്നു മാത്രമാണ് ഇപ്പോൾ അധികൃതർ പറയുന്നത്. അപകടം നടന്നു 15 ദിവസത്തിനുശേഷം രക്ഷാപ്രവർത്തനം നിർത്തി. 3 ദിവസങ്ങൾക്കു മുന്‍പാണു വീണ്ടും തിരച്ചിൽ ആരംഭിച്ചത്. ജില്ലാ കലക്ടർ ഒന്നും പറഞ്ഞില്ല. സർക്കാർ സഹായം ലഭിച്ചിട്ടില്ല. ബന്ധുക്കൾക്കു സർക്കാർ ധനസഹായം ലഭിച്ചതായും കുടുംബം പറഞ്ഞു. ജഗന്നാഥയുടെ ഭാര്യ അംഗൻവാടിയിൽ താൽക്കാലിക തൊഴിലാളിയാണ്.
ഗോവയിൽനിന്ന് ഇന്ന് ഡ്രജർ എത്തിച്ചു ഗംഗാവലിപ്പുഴയിലെ മണ്ണുനീക്കി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ബുധനാഴ്ച നേവി നടത്തിയ തിരച്ചിലിൽ കിട്ടിയ കയർ അർജുൻ ഓടിച്ച ലോറിയിലെ മരത്തടി കെട്ടാൻ ഉപയോഗിച്ചതാണെന്നു ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. നേവിയും മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ന് പുഴയിൽ തിരച്ചിൽ നടത്തും. ലോറിയുടെ ഹൈഡ്രോളിക് ജാക്കി ലഭിച്ച സ്ഥലത്തു ബുധനാഴ്ച നടത്തിയ പരിശോധനയിൽ ലോറിയുടെ കൂടുതൽ ഭാഗങ്ങളൊന്നും ലഭിച്ചില്ല. അതിനാൽ ഈ ഭാഗത്ത് ലോറി ഇല്ല എന്ന നിഗമനത്തിലാണ് ദൗത്യ സംഘം.