അർജുനെ കണ്ടെത്താനുള്ള ദൗത്യം; തീരുമാനം കർണാടക സർക്കാരിനു വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം
Mail This Article
ബെംഗളൂരു∙ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത് കര്‍ണാടക സര്‍ക്കാരിനു വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാൻ ഉത്തര കന്നഡ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.
ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്. തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അർജുന്‍റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.
22ന് തിരച്ചിലിനായി ഡ്രജർ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷറഫും പറഞ്ഞിട്ടുണ്ട്.