‘എംഇ’ക്ക് 1200 വയസ്സ്; മലയാളത്തിന്റെ സ്വന്തം കാലഗണനാ രീതി
Mail This Article
എംഇക്ക് (ME) 1200 വയസ്സായി. എന്താണ് എംഇ എന്ന് പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. മലയാളം ഇറ എന്നാണ് മുഴുവൻ പേര്. അതായത് കൊല്ലവർഷം. ഇറയ്ക്ക് യുഗം, കാലം എന്നൊക്കെ അർഥമുണ്ട്. അതായത്, കൊല്ലവർഷം ഇപ്പോൾ 1200 ആയി എന്നർഥം. പഴയ ആധാരത്തിലോ ഗ്രന്ഥവരിയിലോ ME എന്നെഴുതിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കാലഗണനാ രീതിയായ കൊല്ലവർഷത്തെ സൂചിപ്പിച്ചാണ്.
-
Also Read
കെ.സി. വേണുഗോപാൽ പിഎസി അധ്യക്ഷൻ
1956 നവംബർ ഒന്നാം തീയതിയാണ് കേരള സംസ്ഥാനം നിലവിൽ വന്നത്. അത് ‘കേരളപ്പിറവി’ എന്ന പേരിൽ കേരളമെങ്ങും കൊണ്ടാടുന്നുണ്ട്. എന്നാൽ കേരളമെന്ന ഭൂവിഭാഗം എത്രയോ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉണ്ട്. ബ്രഹ്മാണ്ഡപുരാണത്തിലും അഗ്നിപുരാണത്തിലും ഭാഗവതത്തിലും രാമായണത്തിലും മഹാഭാരതത്തിലും കേരള പരാമർശം കാണുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവ പക്ഷത്ത് കേരള രാജാവ് പങ്കെടുത്തിരുന്നത്രേ.
കൊല്ലവർഷത്തിന്റെ ആരംഭത്തെക്കുറിച്ച് പല െഎതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. ശങ്കുണ്ണി മേനോൻ, പദ്മനാഭ മേനോൻ, സുന്ദരൻ പിള്ള, ലോഗൻ സായിപ്പ്, പ്രിൻസെന്റ്, ബുക്കാനൻ, ബർണൽ തുടങ്ങിയ ചരിത്രകാരന്മാർ പല തരത്തിലാണ് അതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്.
കലിവർഷം 3927 ൽ (എഡി 825) ഉദയ മാർത്താണ്ഡവർമ രാജാവ് കൊല്ലത്ത് ഒരു പണ്ഡിത സഭ വിളിച്ചുകൂട്ടി ജ്യോതിശാസ്ത്ര സംബന്ധമായ ചില വിഷയങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്യാനായിരുന്നു അത്. ആ സഭയിലാണ് സൗരയൂഥ വ്യവസ്ഥയനുസരിച്ച് ചിങ്ങമാസത്തിൽ പുതിയ വർഷം തുടങ്ങാമെന്ന തീരുമാനമുണ്ടായത്. എഡി 825 ഓഗസ്റ്റ് 15 ന് ആയിരുന്നു അത്.
പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും കാലടി കാപ്പിള്ളി മനയിൽ ജനിച്ച ശങ്കരാചാര്യർ ദിഗ്വിജയം നടത്തി സർവജ്ഞപീഠം കയറിയതും അതിനു തൊട്ടുമുന്‍പുള്ള കാലത്താണ്. അതിന്റെ അനുസ്മരണയ്ക്കായിട്ടാണ് കൊല്ലവർഷം തുടങ്ങിയതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ‘ശങ്കരനാരായണീയം’ എന്ന താളിയോല ഗ്രന്ഥത്തിൽ ഈ വർഷഗണന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയമാർത്താണ്ഡന്റെ സമകാലികനായിരുന്ന ശങ്കരനാരായണൻ എന്ന ജ്യോതിശാസ്ത്ര പണ്ഡിതൻ രചിച്ച ഈ താളിയോലക്കുറിപ്പ് തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു.
കലിയുഗം തുടങ്ങിയത് ബിസി 3102 ഫെബ്രുവരി 13 ാം തീയതിയാണെന്ന് അഭിപ്രായമുണ്ട്. കൊല്ലവർഷത്തോട് തരളാംഗം കൂട്ടിയാൽ കലി വത്സരം കിട്ടും. കേരളത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന ഒരു അക്ഷര– സംഖ്യാ കോഡ് ആയ ‘കടപയാദി’യിൽ 3926 എന്ന സംഖ്യയെ കുറിക്കുന്ന കോഡ് ആണ് തരളാംഗം. ഇപ്പോൾ കൊല്ലവർഷം 1200. അതിന്റെ കൂടെ തരളാംഗമായ 3926 കൂട്ടിയാൽ കലിയുഗം 5126 ആയി. മലയാള വർഷത്തിന്റെ കൂടെ 825 കൂട്ടിയാൽ ക്രിസ്തുവർഷം അറിയാം. പുതിയ തലമുറയ്ക്ക് ഇത്തരം അറിവുകൾ പരിചിതമാക്കാൻ ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.
ചിങ്ങം മുതൽ കർക്കടകം വരെയുള്ള 12 മാസങ്ങളാണ് കൊല്ലവർഷത്തിൽ ഉള്ളത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ. പേരുകളെല്ലാം സംസ്കൃത പദങ്ങളുടെ തദ്ഭവങ്ങളോ തത്സമയങ്ങളോ ആണ്. (ഒരു ഭാഷ മറ്റൊരുഭാഷയിൽനിന്ന് സ്വീകരിച്ചതും കാലക്രമേണ അർഥമോ ഉച്ചാരണമോ എഴുത്തോ വ്യത്യാസപ്പെട്ടതുമായ വാക്കുകളാണ് തദ്ഭവങ്ങൾ. ഒരു ഭാഷ മറ്റൊരു ഭാഷയിൽനിന്ന് ഒരു മാറ്റവുമില്ലാതെ സ്വീകരിക്കുന്ന വാക്കുകളാണ് തത്സമങ്ങൾ). ഉദാഹരണത്തിന്, സിംഹത്തിന്റെ തദ്ഭവമാണ് ചിങ്ങം. സിംഹത്തിന്റെ ആകൃതിയാണ് ഈ രാശിക്ക്. കന്നിക്ക് കന്യകയുടെയും തുലാമിന് ത്രാസിന്റെയും വൃശ്ചികത്തിനു തേളിന്റെയും ആകൃതിയാണ്. ധനുവിന് അസ്ത്രത്തിന്റെയും മകരത്തിന് മാനിന്റെയും കുംഭത്തിന് കുടത്തിന്റെയും മീനത്തിന് മത്സ്യത്തിന്റെയും മേടത്തിന് (മേഷം) ആടിന്റെയും ഇടവത്തിന് (ഋഷഭം) കാളയുടെയും മിഥുനത്തിന് ദമ്പതികളുടെയും കർക്കടകത്തിന് ഞണ്ടിന്റെയും രൂപമാണ്. ഉയരമുള്ള സ്ഥലങ്ങളിൽനിന്ന് തെളിഞ്ഞ രാത്രികളിൽ ആകാശനിരീക്ഷണം നടത്തിയാൽ ഈ നക്ഷത്രമാല കാണാം. ഇംഗ്ലിഷിലും ഇതേപടി തന്നെയാണ്. Leo (സിംഹം), virgo (കന്യക), Libra (തുലാം), scorpio (വൃശ്ചികം), sagittarius (ധനു), capricorn (മകരം), Aquarius (കുംഭം), Pisces (മീനം), Aries (മേടം), Trarus (ഇടവം), Gemini (മിഥുനം), cancer (കർക്കടകം) എന്നിങ്ങനെ.
ജ്യോതിശാസ്ത്രമനുസരിച്ച് വളരെ ഉചിതമായ കാലഗണനയാണ് കൊല്ലവർഷം. തിഥി (തീയതി), വാരം (ആഴ്ച), നക്ഷത്രം (നാൾ), യോഗം, കരണം എന്നീ അഞ്ച് അംഗങ്ങൾ ചേർന്ന പഞ്ചാംഗം തയാറാക്കുന്നത് കൊല്ലവർഷഗണനയിലാണ്. ദേശ സ്ഥിതി പ്രകാരം സമയങ്ങൾക്ക് വ്യത്യാസം ഉണ്ടാകുമെങ്കിലും രാശി പ്രമാണം ഒന്നുതന്നെയാണ്. ചിങ്ങമാസത്തിൽ പൂർണചന്ദ്രൻ ശ്രാവണ (ഓണം) നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ദിവസമാണ് തിരുവോണം. ഈരണ്ടു മാസം കൂടുമ്പോഴാണ് വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നീ ആറ് ഋതുക്കൾ വരിക. കേരളത്തെ സംബന്ധിച്ച് കൂടുതൽ പൂക്കൾ വിടരുന്ന ഓണക്കാലം വസന്തം തന്നെയാണ്.