പൊന്നിൻ ചിങ്ങം വിരുന്നെത്തി; ശബരിമല നട തുറന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്
Mail This Article
കോട്ടയം∙ ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. വയനാട്ടിലെ വൻ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല്‍ എന്നിവ കൂടുതല്‍ നടക്കുന്നത്. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.