സബർമതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം, ഐബി അന്വേഷണം
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിൽ കാൺപുരിന് സമീപം സബർമതി എക്സ്പ്രസ് പാളം തെറ്റി. കാൺപുർ റെയിൽവേ സ്റ്റേഷനു സമീപം പുലർച്ചയോടെയാണ് സംഭവം. ആളപായമില്ലെങ്കിലും റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേയുടെ സംശയം. ട്രാക്കിൽ വച്ച വലിയൊരു വസ്തു തട്ടിയാണ് 20 ബോഗികൾ പാളം തെറ്റിയത് എന്നാണ് നിഗമനം. സംഭവത്തിൽ ഐബിയും യുപി പൊലീസും റെയിൽവേയും അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
യാത്രക്കാരെ ബസിൽ കാൺപുരിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാൺപുർ സ്റ്റേഷനിൽ നിന്നും മറ്റൊരു ട്രെയിനിൽ യാത്രക്കാരെ കയറ്റുമെന്നാണ് റെയിൽവേ പറയുന്നത്. വാരണാസി ജംക്ഷനും അഹമ്മദാബാദിനും ഇടയിൽ സർവിസ് നടത്തുന്ന ട്രെയിനാണ് സബർമതി എക്‌സ്പ്രസ് (19168).
യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.