ADVERTISEMENT

ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി പുഴയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും. 

അർജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഡ്രജർ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജർ എത്താൻ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. 

വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയിൽ കാഴ്ച ഇല്ലാത്തതിനാൽ മുങ്ങിയുള്ള തിരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും പറഞ്ഞു. ഇതുവരെ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങളും ലോറിയിൽ ഉപയോഗിച്ച കയറും മാത്രമാണ് കണ്ടെത്തിയത്.

English Summary:

Gangavali River Search Hindered by Cost of Dredging Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com