മലവെള്ളം ഇരച്ചെത്തി, നാടിനെ ഉരുളെടുത്തു; ചൂരൽമലയിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്
Mail This Article
മുണ്ടക്കൈ∙ വയനാട് ഉരുള്‍പൊട്ടലിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൂരല്‍മലയിലെ കടകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉരുൾപൊട്ടലുണ്ടായ ദിവസം കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ ദൃശ്യങ്ങളുമുണ്ട്. ഇതിൽ പലരുടെയും മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
ജൂലൈ 30നാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം. മൂന്നര മണിക്കൂറിനിടെ രണ്ടു തവണ ഉരുൾപൊട്ടി. ചാലിയാർ വഴി നിലമ്പൂർവരെ 38 കിലോമീറ്ററോളം ദൂരം മൃതദേഹങ്ങൾ ഒഴുകിയെത്തി. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും 24 മണിക്കൂറിനിടെ പെയ്തത് 37 സെന്റിമീറ്റർ മഴയാണ്. 24 മണിക്കൂറിനിടെ 20 സെന്റിമീറ്ററിലേറെ മഴ തന്നെ അതിതീവ്രമെന്നാണു കണക്കാക്കുന്നത്. അതിന്റെ ഇരട്ടിയോളമാണു പെയ്തത്.
ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തത് നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്.