മകളെ കാണാനെത്തിയതെന്ന് ചംപയ് സോറൻ; ബിജെപിയിൽ ചേരുമെന്ന് സൂചന
Mail This Article
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ 6 എംഎൽഎമാരുമായി ഡൽഹിയിലെത്തി. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾക്കായാണു ഡൽഹിയിലെത്തിയതെന്നു ചംപയ് സോറൻ പ്രതികരിച്ചു.
‘‘വ്യക്തിപരമായ ചില കാര്യങ്ങൾക്കുവേണ്ടിയാണു ഡൽഹിയിലെത്തിയത്. ഇപ്പോഴെവിടെയാണോ അവിടെയാണു ഞാൻ’’– എന്നായിരുന്നു സോറന്റെ പ്രതികരണം. മകളെ കാണുന്നതിനാണു ഡൽഹിയിലെത്തിയതെന്നും വിശദീകരിച്ചു. ചംപയ് സോറൻ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ജെഎംഎമ്മും നിഷേധിച്ചു. ബിജെപിയെ മുങ്ങുന്ന കപ്പലെന്നാണു ജെഎംഎം വക്താവ് മനോജ് പാണ്ഡെ വിശേഷിപ്പിച്ചത്.
എക്സ് ഹാൻഡിലിൽനിന്നു ജെഎംഎം എന്നതു സോറൻ നീക്കി. അതിരാവിലെയുള്ള വിമാനത്തിലാണു ഡൽഹിയിലേക്കു തിരിച്ചത്. സോറനൊപ്പമുള്ള എംഎൽഎമാരെ ബന്ധപ്പെടാൻ ജെഎംഎമ്മിനു സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. നിരവധി ബിജെപി നേതാക്കളുമായി സോറനു ബന്ധമുണ്ട്. അവരിൽ പ്രധാനിയാണു കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ അധികാരത്തിലേറിയിരുന്നു. ജാമ്യം ലഭിച്ച സോറൻ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റതിൽ ചംപയ് അസ്വസ്ഥനായിരുന്നു എന്നാണു സൂചന.